തളിപ്പറമ്പിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു; കുടുംബാംഗങ്ങള്‍ ചികിത്സയില്‍, കർശന പരിശോധന
കണ്ണൂർ: തളിപ്പറമ്പിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങള്‍ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസില്‍ എം സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സാഹിർ ചൊവ്വാഴ്ച്ചയും അൻവർ ബുധനാഴ്ച്ചയുമാണ് മരണമടഞ്ഞത്.
സാഹിറിന്റെയും അൻവറിന്റെയും കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തളിപ്പറമ്പില്‍ ബിസിനസ് നടത്തിയിരുന്ന പരേതനായ പി സി പി മുഹമ്മദ് ഷാജിയുടെയും ആമിനയുടെയും മക്കളാണ് സാഹിറും അൻവറും. സഹോദരങ്ങള്‍: റഷീദ, ഫൗസിയ, ഷബീന.

കോഴിക്കോട് ബിസിനസ് നടത്തുകയായിരുന്നു സാഹിർ. അൻവർ ഇരിക്കൂറിലും സാഹിർ ഹിദായത്ത് നഗറിലുമാണ് താമസിച്ചിരുന്നത്. അടുത്തിടെ ഇരുവരും കുടുംബസമേതം കോഴിക്കോട്ടേക്ക് യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പതിനഞ്ചോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ബോധവത്കരണ പ്രവർത്തനങ്ങള്‍ നടത്തിയിരുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളത്തില്‍ പരിശോധന നടത്തി വരികയായിരുന്നുവെന്നും അധികൃതർ പറയുന്നു. മഞ്ഞപ്പിത്ത ബാധയേറ്റ് സഹോദരങ്ങള്‍ മരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള വീടുകളിലെ വെള്ളം ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ച് വരികയാണ്.
സംഭവത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് പ്രത്യേക മെഡികൽ ടീം തന്നെ ക്യാംപ് ചെയ്‌ത് പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫിസറുടെ നേത്യത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. യാത്ര കഴിഞ്ഞു വരുമ്പോൾ കുടുംബാംഗങ്ങൾ കോഴിക്കോട്ടെ ഒരു റസ്‌റ്റോറൻ്റിൽ നിന്നും ഭക്ഷണം കഴിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാര്യവും ആരോഗ്യ വകുപ്പ് അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications