കാട്ടാന ശല്യമൊഴിവാക്കാൻ ആറളം വനാതിർത്തിയിൽ പതിനൊന്ന് കോടി ചെലവിൽ ആന മതിൽ വരുന്നു
ഇരിട്ടി: കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടിയ ആറളം മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി. ആറളം ഫാം വനാതിര്‍ത്തിയില്‍ 11 കിലോമീറ്റര്‍ ദൂരത്തിൽ ആനമതില്‍ നിര്‍മ്മിക്കാനാണ് തീരുമാനം' ഇതിനായി 11 കോടി രൂപ മുന്‍കൂറായി നല്‍കും.. നിലവിലുള്ള മതിലിനോട് ചേര്‍ന്നുതന്നെയാണ് പുതിയ പ്രതിരോധ മതിലും നിലവിൽ വരിക.
ആദിവാസി പുനരധിവാസ മേഖലയെയും ഫാമിനെയും കാട്ടാനയുടെ ഭീഷണിയില്‍നിന്നു രക്ഷിക്കുന്നതിനായി വനാതിര്‍ത്തിയില്‍ പുതുതായി 11 കിലോമീറ്ററില്‍ നിര്‍മിക്കുന്ന ആനമതിലിന്റെ നിര്‍മാണത്തിനുള്ള നടപടികൾ സർക്കാർ ചുവപ്പുനാടയിലായിലിരുന്നു രണ്ടു വര്‍ഷം മുമ്പ് ഭരണാനുമതി ലഭിച്ച പ്രവ്യത്തിയുടെ മൊത്തം അടങ്കല്‍ തുകയില്‍ 50 ശതമാനമായ 11 കോടിയോളം രൂപ മുന്‍കൂറായി ഡെപ്പോസിറ്റ് ചെയ്യുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയതോടെയാണ് കർഷകർക്ക് ആശ്വാസകരമായത്.

പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗമാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. രണ്ടു വര്‍ഷം മുമ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നിര്‍മാണം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ടെന്‍ഡറില്ലാതെ പ്രവൃത്തി അനുവദിക്കുന്നതിനെതിരേ പരാതിയുയരുകയും ഊരാളുങ്കല്‍ സൊസൈറ്റി പിന്മാറുകയും ചെയ്തതോടെയാണ് ആന മതിൽ പദ്ധതി സ്തംഭിച്ചത്.
പ്രവൃത്തി പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് സ്ഥലം എംഎല്‍എ സണ്ണി ജോസഫും പട്ടികവര്‍ഗ വികസനവകുപ്പും നടത്തിയ നീക്കങ്ങളാണ് വിജയത്തിലെത്തിയത്. 50 ശതമാനം തുക അനുവദിക്കുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്ലാനിംഗ് ബോര്‍ഡ് കഴിഞ്ഞദിവസം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മേഖലയിലെ രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കുന്നതിന് പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടാക്കുമെന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി നേരത്തെ ഉറപ്പുനല്‍കിയിരുന്നു.
ആറളം ഫാമിനെയും കൂടി സംരക്ഷിക്കുന്ന വിധത്തിലായിരിക്കണം പ്രതിരോധസംവിധാനം ഉണ്ടാക്കേണ്ടതെന്ന ജില്ലാകളക്ടറുടെയും ആദിവാസി പുനരധിവാസ മിഷന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് സംയുക്ത പരിശോധന നടത്തി മതിലിന്റെ രൂപരേഖ തയാറാക്കിയത്. നിലവിൽ അഞ്ചു കിലോമീറ്റര്‍ കരിങ്കല്ലുകൊണ്ട് നിര്‍മിച്ച ആനമതിലും മൂന്നു കിലോമീറ്റര്‍ റെയില്‍ ഫെന്‍സിംഗും മൂന്നു കിലോമീറ്റര്‍ ട്രഞ്ചുമാണുള്ളത്. നിലവിലുള്ള പ്രതിരോധസംവിധാനം നിലനിര്‍ത്തിക്കൊണ്ട് ഇതിനോടുചേര്‍ന്ന് 16 കിലോമീറ്റര്‍ മതില് നിര്‍മിക്കാനാണ് അനുമതിയായിട്ടുണ്ട്. ആറളം
പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്ക് കാളികയം മുതല്‍ 11ാം ബ്ലോക്ക് കക്കുവ വരെയുള്ള 16 കിലോമീറ്ററിലാണ് മതില് നിര്‍മിക്കുന്നത്. ഇതില്‍ നബാര്‍ഡിന്റെ സഹായത്താല്‍ മൂന്ന് കിലോമീറ്റര്‍ റെയില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്നതിന് മൂന്ന് കോടി രൂപ നേരത്തെ മാറ്റിവച്ചിരുന്നു. ഇപ്പോള്‍ മതില് തകര്‍ന്ന ഭാഗങ്ങളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. വനംവകുപ്പും പുനരധിവാസ മിഷനും നിര്‍വഹണ ഏജന്‍സിയായ കിറ്റ്കോയും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ 13-ാം ബ്ലോക്കില്‍ ഒരുകിലോമീറ്ററും 9,10 ബ്ലോക്കുകളിലായി രണ്ട് കിലോമീറ്ററുമാണ് റെയില്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കിയത്. അവശേഷിക്കുന്ന ഭാഗത്തെ നിര്‍മാണത്തിന് 22 കോടിയോളം രൂപ വേണ്ടിവരും. ഇതിനുള്ള 50 ശതമാനം തുകയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക നിര്‍മാണപുരോഗതി വിലയിരുത്തി പൊതുമരാമത്ത് ആവശ്യപ്പെടുന്നതനുസരിച്ച് അനുവദിക്കും.
കീഴ്പള്ളി, പാലപ്പുഴ തുടങ്ങിയ ടൗണുകളില്‍ വരെ കാട്ടാനയെത്തി ജീവനും സ്വത്തിനും ഭീഷണിയാകുകയും ഏഴു ജീവനുകള്‍ കാട്ടാന ആക്രമണത്തില്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആനമതില്‍ നിര്‍മാണത്തിനുള്ള മുറവിളി ഉയർന്നത് നേരത്തെ വനാതിർത്തിയിലെ ചിലയിടങ്ങളിൽ ആന മതിൽ നിർമ്മിച്ചിരുന്നുവെങ്കിലും പലയിടങ്ങളിലും കാട്ടാനക്കൂട്ടം തകർത്തിരുന്നു.












Click it and Unblock the Notifications