തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധന: വിജയികൾക്ക് വാക്സിൻ ബോണസുമായി ജില്ലാ കളക്ടർ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊവിഡ് പ്രതിരോധത്തിനായി നൂതന പദ്ധതികളുമായി ജില്ലാ കളക്ടർ. ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗപ്രതിരോധം ശക്തമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി വാക്സിൻ ബോണസ് പദ്ധതി ആവിഷ്കരിച്ചു.
ഏറ്റവും കൂടുതൽ ആർടിപിസിആർ പരിശോധന നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ബോണസായി വാക്സിൻ ഡോസുകൾ നൽകാനാണ് തീരുമാനം.
ഒരാഴ്ചയ്ക്കിടയിൽ ഏറ്റവും കൂടുതൽ ആർടിപിസിആർ. പരിശോധന നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭയ്ക്കും 750 വീതം വാക്സിൻ ഡോസുകൾ അധികമായി നൽകുമെന്ന് കളക്ടർ ടി വി സുഭാഷ് അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകൾക്ക് യഥാക്രമം 300, 200 ഡോസുകളും നൽകും. കോർപ്പറേഷൻ, നഗരസഭാ പരിധികളിൽ ഒന്നാം സ്ഥാനക്കാർക്കു മാത്രമായിരിക്കും വാക്സിൻ ബോണസ്.

ഓരോ തദ്ദേശ സ്ഥാപനത്തിനും ജില്ലയിലെ ആരോഗ്യവകുപ്പ് ജനസംഖ്യാനുപാതികമായി നിർണയിച്ച് നൽകുന്ന ടെസ്റ്റ് ലക്ഷ്യത്തിൽ ഏറ്റവും കൂടുതൽ ശതമാനം പരിശോധനകൾ നടത്തുന്ന ഒരു പഞ്ചായത്തിനും ഒരു നഗരസഭയ്ക്കുമാണ് വാക്സിൻ ബോണസ് നൽകുക. ഓരോ ആഴ്ചത്തെയും ടെസ്റ്റ് നിരക്ക് പരിശോധിച്ച് വിജയികളെ പ്രഖ്യാപിക്കും. ആ ആഴ്ച ജനസംഖ്യാനുപാതിക വാക്സിൻ ക്വാട്ടയ്ക്കു പുറമെ ബോണസ് ഡോസുകൾകൂടി ലഭ്യമാക്കുമെന്ന് കലക്ടർ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു.
കണ്ണുർ ജില്ലയിൽ പ്രതിദിന കൊ വിഡ് കേസുകളുടെ എണ്ണം ശരാശരി ആയിരത്തിന് മുകളിലാണ്.14 ശതമാനത്തിന് മുകളിലാണ് ടി.പി.ആർ നിരക്ക്. സാഹചര്യത്തിൽ വാക്സിനേഷനും ശക്തിപ്പെടുത്തിയിട്ടുണ്ട്. കാൽ ലക്ഷം വാക്സിനുകളാണ് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയത് ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത എന്നിവരും മറ്റു ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications