ലോറി ഡ്രൈവറുടെ മരണം: കാലിനേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ നടുക്കിയ ലോറി ഡ്രൈവറുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ചരക്കുലോറി ഡ്രൈവര്‍ കേളകം കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് ജിന്റോ(40)യെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
കാലിനേറ്റ ആഴത്തിലുളള മുറിവെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് .ജിന്റോവിന് വെട്ടും കുത്തുമേറ്റത് കാലിന് മാത്രമാണ്. ദേഹത്ത് അടിയേറ്റതിന്റെ ലക്ഷണങ്ങളുമുണ്ട്. ചോരവാര്‍ന്നൊഴുകയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലിസ് കസ്റ്റഡിയിലുളള രണ്ടു പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് കണ്ണൂര്‍ സിറ്റി എ.സി.പി ടി.കെ രത്‌നകുമാര്‍ അറിയിച്ചു.

കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ പി. എം ബിനുമോഹനാണ് കേസ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ കിഴക്കെ കവാടത്തിനു അഭിമുഖമായുളള യുദ്ധസ്മാരക സ്തൂപത്തിന് സമീപത്തെ സ്‌റ്റേഡിയം കോംപ്‌ളക്‌സിന് പുറകുവശത്തായിരുന്നു സംഭവം.
കാലിന് ആഴത്തിലുളള വെട്ടേറ്റതു കാരണം ഞരമ്പു മുറിഞ്ഞു പോവുകയും അനിയന്ത്രിതമായി ചോരവാര്‍ന്നൊഴുകിയതുമാണ് മരണകാരണമെന്നാണ് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചരക്കുലോറിയില്‍ നിന്നും വെട്ടേറ്റയുടന്‍ ജിന്റോ പുറത്തേക്ക് ഓടിയിരുന്നു. ഇതിനിടെയാണ് ഏതാനും മീറ്റര്‍ ദൂരെ മരിച്ചുവീഴാന്‍ കാരണമായത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസ്, കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍, പൊലിസ് ക്വാര്‍ട്ടേഴ്‌സ് എന്നിവയ്ക്കു സമീപമാണ് അതിക്രൂരമായ കൊലപാതകം നടത്തന്നത്.
നാഷനല്‍ പെര്‍മിറ്റു ലോറി ഡ്രൈവറായ ജിന്റോ ചരക്കിറക്കാനാണ് കണ്ണൂരിലെത്തിയത്. ലോറി നിര്‍ത്തിയിട്ടതിനു ഏതാനും മീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്. ലോറിയില്‍ ജിന്റോ മാത്രമാണുണ്ടായതെന്നാണ് പൊലിസ പറയുന്നത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കു ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. വടക്കേത്ത് ദേവസ്യ- ഗ്രേസി ദമ്പതികളുടെ മകനാണ് ജിന്റോ. ഭാര്യ: ലിഡിയ. മകന്‍: ഡേവിസ്. സഹോദരങ്ങള്‍: ബിന്റോ, ബിജി, ജിജി.
കണ്ണൂര്‍ നഗരം സാമൂഹാ വിരുദ്ധരുടെയുംലഹരി വില്‍പനക്കാരുടെയും കേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ജിന്റോ യെന്ന ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവമെന്ന് ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്റലിജന്‍സ് സംവിധാനവുംരഹസ്യാന്വേഷണ വിഭാഗം ശകതമല്ലന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു കഴിഞ്ഞ ദിവസം ട്രെയിന്‍ ബോഗി കത്തിക്കുകയുണ്ടായി നഗരത്തില്‍ പൊലിസ്‌സുരക്ഷ ശകതമാക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു. അഭ്യന്തര വകുപ്പാണ് കൊലപാതകത്തിന്ഉത്തരവാദി. ലോറി ഡ്രൈവറുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയെങ്കിലും സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു












Click it and Unblock the Notifications