പതിനഞ്ചുവയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ
പയ്യന്നൂര്‍: പതിനഞ്ചുവയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച മാതാവിന്റെ ആണ്‍ സുഹൃത്തിനെ പൊലിസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ മാടക്കല്‍ സ്വദേശി എം.മുഹമ്മദ് നൗഫിലിനെയാ(20)ണ് പയ്യന്നൂര്‍ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം മുപ്പതിന് രാത്രി ഒന്‍പത് മണിക്ക് പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ റോഡിന് സമീപത്തെ വാടകക്വാര്‍ട്ടേഴ്‌സിലാണ് കേസിനാസ്പദമായ സംഭവം.
ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞതിനെ തുടര്‍ന്ന് വാടകവീട്ടില്‍ കഴിയുന്ന മുപ്പത്തിയാറുവയസുകാരിക്കും യുവതിയുടെ മൂന്ന് ആണ്‍ സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പരാതി ഉയര്‍ന്നത്. മാതാവിനും അനുജനുമൊപ്പം താമസിച്ചുവരികയായിരുന്ന പതിനഞ്ചുവയസുകാരനെ മാതാവും ഇവരുടെ ആണ്‍സുഹൃത്തുക്കളും തടഞ്ഞുവെച്ച് മര്‍ദ്ദിച്ചതായാണ് പരാതി. കൂടാതെ കുട്ടിയുടെ വായയില്‍ മദ്യം ബലമായി ഒഴിച്ചു കുടിപ്പിച്ചതായും പരാതിയുണ്ട്. പ്രതികള്‍ സ്ഥിരമായ വാടകവീട്ടിലെത്തുന്നത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പീഡനത്തിന് ഇരയായ കുട്ടി പൊലിസില്‍ നല്‍കിയ മൊഴി.

സംഭവത്തിനു ശേഷം രാത്രി ഒന്‍പതരയോടെ മാതാവിന്റെ ആണ്‍ സുഹൃത്തുക്കളിലൊരാള്‍ കുട്ടിക്കു മുന്‍പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ചു കുട്ടിയില്‍ നിന്നും മൊഴിയെടുത്ത പൊലിസ് പോക്‌സോ വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.
മാതാവും കൂട്ടാളികളും ഒളിവില്‍ പോയതിനെ തുടര്‍ന്ന് മറ്റുബന്ധുക്കളുടെ സംരക്ഷണയിലാണ് പതിനഞ്ചുവയസുകാരനും സഹോദരനും. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പയ്യന്നൂര്‍ പൊലിസ് അറിയിച്ചു. പയ്യന്നൂര്‍ ഡി. വൈ. എസ്.പിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്.












Click it and Unblock the Notifications