കടകംപള്ളിയാണ് അത് ചെയ്തത്.. അവാര്‍ഡ് പരിഹാരമാകില്ല; കേരളശ്രീ പുരസ്‌കാരം നിരസിച്ച് കാനായി
കണ്ണൂര്‍: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന കേരള പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞിരാമന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ല എന്ന് കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് തന്റെ തീരുമാനം എന്നും അദ്ദേഹം തുറന്നടിച്ചു.
ശില്‍പങ്ങള്‍ സംരക്ഷിക്കണം എന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ല. കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കില്‍ താന്‍ നിര്‍മിച്ച ശില്‍പങ്ങള്‍ അവഗണിക്കപ്പെട്ടു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം മന്ത്രിയായിരിക്കെ ശംഖുമുഖം, വേളി പാര്‍ക്കുകള്‍ നശിപ്പിച്ചു എന്നും കാനായി കുഞ്ഞിരാമന്‍ ആരോപിച്ചു.

ആര്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തത് എന്ന് തനിക്കറിയാം എന്നും എന്നാല്‍ താന്‍ അത് പറയുന്നില്ല എന്നും കാനായി കുഞ്ഞിരാമന്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡുകള്‍ നല്ല കാര്യമാണെങ്കിലും അവ ഒന്നിനും പരിഹാരമാകില്ല എന്ന് കാനായി പറഞ്ഞു. ശംഖുമുഖം പാര്‍ക്കില്‍ കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് ഹെലികോപ്റ്റര്‍ കൊണ്ടു വെച്ചു.

താന്‍ ചെയ്ത ആ മനോഹരമായ സ്ഥലം മുഴുവന്‍ വികൃതമാക്കി എന്നും കടകംപള്ളിയാണ് അത് ചെയ്തത് എന്നും കാനായി ആരോപിച്ചു. ഇത് മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല എന്ന് കാനായി കുഞ്ഞിരാമന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പയ്യാമ്പലത്തും തന്റെ നിര്‍മിതികള്‍ നശിപ്പിക്കപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രശ്‌നങ്ങള്‍ക്ക് അവാര്‍ഡ് പരിഹാരമാകില്ല എന്നും കാനായി പറഞ്ഞു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ ആണ് പുരസ്‌കാരം അറിയപ്പെടുന്നത്.

ഒന്നാമത്തെ പരമോന്നത പുരസ്‌കാരം കേരള ജ്യോതി സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്കാണ് ലഭിച്ചത്. രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ കേരള പ്രഭ ഓംചേരി എന്‍ എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവരും അര്‍ഹരായി. മൂന്നാമത്തെ പരമോന്നത പുരസ്‌കാരമായ കേരള ശ്രീ ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ക്കുമാണ് ലഭിച്ചത്.












Click it and Unblock the Notifications