ജനങ്ങള്‍ വായ്പയെടുത്ത് തുടങ്ങിയ സംരംഭം എങ്ങനെ സര്‍ക്കാരിന്റേതാകും; ചോദ്യവുമായി സതീശന്‍
ആകാശ് തില്ലങ്കേരി ക്രിമിനലെന്ന് ഗോവിന്ദന്‍ പറഞ്ഞു. എന്നിട്ടും ഷുഹൈബ് കൊലക്കേസിലെ സി ബി ഐ അന്വേഷണത്തെ സി പി എമ്മും സര്‍ക്കാരും എതിര്‍ക്കുന്നു

കണ്ണൂര്‍: സാധാരണക്കാരന്‍ വായ്പയെടുത്ത് തുടങ്ങിയ സംരംഭങ്ങള്‍ എങ്ങനെ സര്‍ക്കാരിന്റേതാകും എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരം അവകാശവാദങ്ങളുമായി നടക്കുന്ന മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തമായി ബാങ്കില്‍ നിന്നും വായ്പ എടുത്ത് തുടങ്ങിയ പലചരക്ക് കടയും വര്‍ക് ഷോപ്പും സൈക്കിള്‍ ഷോപ്പും സര്‍ക്കാരിന്റെ സംരംഭക പദ്ധതിയാണെന്ന് പറഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നു.
സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ തുടങ്ങിയെന്നും 2,79,000 പേര്‍ക്ക് ജോലി നല്‍കിയെന്നമുള്ള അവകാശവാദങ്ങള്‍ കാപട്യമാണെന്നും സതീശന്‍ ആരോപിച്ചു. സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക പുറത്ത് വിടാനും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. െകാവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ തങ്ങളുടെ കയ്യിലുള്ള അവസാന സമ്പാദ്യം ഉപയോഗിച്ചാണ് സംരഭങ്ങള്‍ ആരംഭിച്ചത്.
ഇതുപോലും സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ് എന്നും വി ഡി സതീശന്‍ പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അതേസമയം ആകാശ് തില്ലങ്കേരി ക്രിമിനലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിട്ടും ഷുഹൈബ് കൊലക്കേസിലെ സി ബി ഐ അന്വേഷണത്തെ സി പി എമ്മും സര്‍ക്കാരും എന്തിനാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഉപയോഗിച്ച ക്രിമിനല്‍ സംഘങ്ങള്‍ ഇപ്പോള്‍ സി പി എമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്തഫലമാണ് ഇന്ന് സി പി എം അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു. 33 വര്‍ഷത്തെ ഭരണത്തിന്റെ അന്ത്യനാളുകളില്‍ ബംഗാളില്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് കേരളത്തിലെ സി പി എമ്മും എത്തി കഴിഞ്ഞു എന്നും വി ഡി സതീശന്‍ പറഞ്ഞു.

ഷുഹൈബ് വധത്തിന് പിന്നിലുള്ള ഗൂഡാലോചന സി ബി ഐ അന്വേഷിക്കണം എന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. കൊലപാതകത്തില്‍ സി പി എം നേതാക്കള്‍ക്ക് പങ്കുണ്ട് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സൗകര്യമുള്ളപ്പോള്‍ ആറ് മണിക്ക് വന്ന് പത്രസമ്മേളനം നടത്തി മൂന്നാമത്തെ ചോദ്യത്തിന് ഇറങ്ങിപ്പോകുന്ന മുഖ്യമന്ത്രിക്ക് ചോദ്യങ്ങളെ ഭയമാണ് എന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളില്‍ ചായ കുടിക്കാന്‍ ആരെങ്കിലും പുറത്തിറങ്ങിയാല്‍ പോലും കരുതല്‍ തടങ്കലിലാക്കുകയാണ് എന്നും അദ്ദേഹം പരിഹസിച്ചു. നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മുഖ്യമന്ത്രി വീട്ടില്‍ ഇരിക്കുന്നതാണ് നല്ലത് എന്നും വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications