• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബിഎസ്എൻഎൽ കരാർ ജീവനക്കാർ നടത്തുന്ന സമരം: പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കെ സുധാകരൻ!!

  • By Desk

കണ്ണൂര്‍: ബിഎസ്എൻഎൽ കരാർ തൊഴിലാളികൾ സമരത്തിലൂടെ ആവശ്യപ്പെടുന്ന വിഷയങ്ങൾ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കെ സുധാകരൻ എം പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിലെ കരാര്‍ ജീവനക്കാര്‍ പത്തു മാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ അനുഭവിക്കുന്ന ജീവല്‍ പ്രശ്‌നത്തിലും തൊഴിലാളികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാനും ഉടന്‍ ശമ്പളം നല്കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ക സുധാകരന്‍ എം പി ആവശ്യപ്പെട്ടു.

ഇരിട്ടി നഗരത്തിലെ അഞ്ച് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യസ്തുക്കൾ പിടികൂടി

കേരളത്തില്‍ ആറായിരത്തോളവും രാജ്യത്താകെ അരലക്ഷത്തോളവും കരാര്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ 8076 കരാര്‍ തൊഴിലാളികളില്‍ ആയിരത്തിലേറെ പേരെ യാതൊരു ആനുകൂല്യങ്ങളും നല്കാതെ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പിരിച്ചുവിട്ടു കഴിഞ്ഞു. ബാക്കിയുള്ളവര്‍ ശമ്പളം കിട്ടാതായതോടെ പണിമുടക്കിലുമാണ്.

നേരത്തെ എട്ടു മണിക്കൂര്‍ പണി കിട്ടിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടു മണിക്കൂറായി പണി ചുരുക്കിയിരിക്കുകയാണ്. കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലെന്നാണ് ഔദ്യോഗികമായി അധികൃതര്‍ മറുപടി പറയുന്നത്. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. സ്വകാര്യ മേഖലയിലെ ടെലിക്കോം കമ്പനികളെ വഴിവിട്ട രീതിയില്‍ സഹായിക്കുന്നതിന് വേണ്ടി രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയത്തിന്റെ ഭാഗമായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി തൊഴിലാളി ദ്രോഹ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് വ്യക്തമാണ്.

ബിഎസ്എന്‍എല്ലിന്റെ സ്ഥിരം ജീവനക്കാര്‍ തന്നെ എത്രമാത്രം അരക്ഷിതരാണെന്നതിന്റെ തെളിവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതിയോട് ജീവനക്കാര്‍ കാട്ടിയ അഭൂതപൂര്‍വമായ താല്പര്യം. 5 ദിവസം കൊണ്ട് 60,000 പേരാണ് സ്വയം വിരമിക്കാനുള്ള താത്പര്യ പത്രം നല്കിയത്. ബി.എസ്.എന്‍.എല്‍ സ്ഥാപനത്തില്‍ തുടരുന്നതില്‍ കാര്യമില്ല എന്ന ബോധത്തില്‍ രാജ്യത്തെ എറ്റവും അഭിമാനകരമായ പൊതുമേഖലാ സ്ഥാപനത്തിലൊന്നില്‍ നിന്നുള്ളവര്‍ ജോലി മതിയാക്കുക എന്നുള്ള അവസ്ഥയിലേക്ക് വരുമ്പോള്‍ വര്‍ഷങ്ങളായി ബി.എസ്.എന്‍.എല്‍ സ്ഥാപനത്തില്‍ സ്ഥിരം ജീവനക്കാരെ പോലെ തന്നെ പണിയെടുക്കുന്ന കരാര്‍ തൊഴിലാളികളുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ല, പകല്‍ പോലെ വ്യക്തമാണ്.

ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് നേരിട്ട് ശമ്പളം വാങ്ങുന്നവരും, ടെണ്ടര്‍ നടപടിയുടെ ഭാഗമായി കരാര്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെയുള്ള കരാര്‍ ജീവനക്കാര്‍ ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലും സമരത്തിലുമായതോടെ കേരളത്തിലെ കേടായ ലാന്റ്‌ഫോണുകള്‍ മിക്കതും ഇപ്പോള്‍ നിലച്ച നിലയിലാണ്. ബി.എസ്.എന്‍.എല്ലിലെ 1.65 ലക്ഷം സ്ഥിരം ജീവനക്കാരില്‍ 80,000 ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലിന് അവസരം നല്കിയതോടെ ബിഎസ്എന്‍എല്‍ പുതിയ പ്രതിസന്ധിയെ കൂടി ഉടന്‍ നേരിടേണ്ടി വരും. ലോകം 5-ജി യിലേക്ക് നീങ്ങുമ്പോഴാണ് മതിയായ ജീവനക്കാരില്ലാതെ രാജ്യത്തിന്റെ അഭിമാനമായിരുന്ന ഈ പൊതുമേഖലാ സ്ഥാപനം നാശത്തെ അഭിമുഖീകരിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതെന്നും ഇന്ത്യയെ പോലെ തൊഴിലില്ലായ്മ അതിരൂക്ഷവും അഭ്യസ്തവിദ്യരായ തൊഴില്‍ സേന സുലഭവുമായ രാജ്യത്ത് സ്ഥിരം തൊഴില്‍ ഇല്ലാതാക്കി തൊഴില്‍ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് അശാസ്ത്രീയവും മനുഷ്യത്വരഹിതവുമാണ്. ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കരാര്‍ ജീവനക്കാരുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എം പി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

English summary
K Sudhakaran about BSNL strike issue will presents in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X