ചിത്രലേഖയ്ക്ക് കൈത്താങ്ങായി ആം ആദ്മി പാര്‍ട്ടി; കത്തിച്ച ഓട്ടോറിക്ഷയ്ക്ക് പകരം പുതിയ ഓട്ടോ
പയ്യന്നൂര്‍: സിപിഎം ശക്തി കേന്ദ്രമായ പയ്യന്നൂര്‍ എടാട്ട് കഴിഞ്ഞ 20 വര്‍ഷമായി സിപിഎം - സിഐടിയു തൊഴില്‍പീഡനത്തിന് ഇരയായ ദളിത് യുവതിയായ ചിത്രലേഖയ്ക്ക് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി. 9 മാസം മുന്‍പ് കാട്ടാമ്പള്ളിയിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് തൊഴില്‍രഹിതയായ ചിത്രലേഖയ്ക്ക് ആം ആദ്മി വനിതാ വിഭാഗമായ മഹിളാ ശക്തി ഓട്ടോറിക്ഷ നല്‍കി ജീവിതത്തിനായുളള ഉപജീവനമാര്‍ഗം തിരിച്ചു നല്‍കി.
തുടര്‍ച്ചയായി സിഐടിയു - സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന സംഘം രാത്രിയില്‍ ചിത്രലേഖയുടെ വീടാക്രമിക്കുകയും ഓട്ടോറിക്ഷ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആപ്പ് പ്രവര്‍ത്തകര്‍ കൈത്താങ്ങായി എത്തിയത്. പയ്യന്നൂര്‍ എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ ജോലി ചെയ്തിരുന്ന കാലത്ത് ദളിത് യുവതിയായ ചിത്രലേഖയ്ക്ക് നേരെ അവിടെ നിന്നും ഭ്രഷ്ട് കല്‍പ്പിക്കുകയും ഇതേ തുടര്‍ന്ന് ഇവര്‍ കണ്ണാടിപറമ്പിലേക്ക് സ്ഥലം മാറുകയും ചെയ്തിരുന്നു.

തുടര്‍ച്ചയായി ഓട്ടോറിക്ഷ നശിപ്പിക്കുന്ന സാഹചര്യത്തിലായിരുന്നു ചിത്രലേഖയുടെ പലായനം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പട്ടയമേളയില്‍ നല്‍കിയ സ്ഥലത്താണ് കാട്ടാമ്പള്ളിയില്‍ ചിത്രലേഖ വീടു നിര്‍മ്മിച്ചു താമസമാരംഭിച്ചത്. എന്നാല്‍ അവിടെയും സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ അതിക്രമം തുടരുകയായിരുന്നുവെന്നാണ് ചിത്രലേഖ പറയുന്നത്. ഒന്‍പതു മാസം മുന്‍പാണ് കണ്ണാടിപറമ്പിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചത്.
ഇതേ തുടര്‍ന്ന് ജോലി ചെയ്യാനോ കുടുംബം നോക്കാനോ കഴിയാത്ത ചിത്രലേഖ തൊഴില്‍രഹിതയായി വീട്ടിലിരിക്കുന്ന സാഹചര്യത്തിലാണ് അവരെ കര്‍മ്മരംഗത്ത് ഇറക്കുന്നതിനായി നാലു ലക്ഷം രൂപ ചെലവില്‍ ആം ആദ്മി സവാരിയെന്ന പേരില്‍ പുതിയ ബജാജ് ഓട്ടോറിക്ഷ ആപ്പ് പ്രവര്‍ത്തകര്‍ ധനസമാഹരണം നടത്തി വാങ്ങി നല്‍കിയത്. കണ്ണൂര്‍ തെക്കി ബസാര്‍ ഗുരു ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ താക്കോല്‍ കൈമാറി.
ചിത്രലേഖയ്ക്ക് കണ്ണൂരില്‍ ജോലി ചെയ്യാനുള്ള സാഹചര്യം പാര്‍ട്ടി ഒരുക്കുമെന്ന് വിനോദ് മാത്യു വില്‍സണ്‍ പറഞ്ഞു. സിപിഎമ്മിന്റെ ഒരു വെല്ലുവിളിയും ഇനി നടക്കില്ലെന്നും ചിത്രലേഖ സ്വതന്ത്രമായി ജോലി ചെയ്തു ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കഴിഞ്ഞ 20 വര്‍ഷമായി അവരുടെ സംവിധാനവും ധാര്‍ഷ്ട്യവും ഉപയോഗിച്ച് ചിത്രലേഖയെ വേട്ടയാടുകയാണെന്ന് വിനോദ് മാത്യു വില്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുമെന്ന് ചിത്രലേഖ പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് മുന്‍പോട്ടു പോകാനാണ് തീരുമാനം. തനിക്കെതിരെ അക്രമങ്ങളില്‍ ജില്ലാ ഭരണകൂടമോ പൊലിസോ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെന്നും ചിത്രലേഖ പറഞ്ഞു. ഓട്ടോറിക്ഷയുടെ ഡൗണ്‍പേയ്മെന്റും വുഡ് വര്‍ക്കും ഒരു മാസം ജീവിക്കാനുള്ള സാമ്പത്തിക സഹായവുമാണ് അം ആദ്മി പാര്‍ട്ടി വനിതാ വിഭാഗം നല്‍കിയത്.
താക്കോല്‍ ദാന ചടങ്ങില്‍ ആപ്പ് വനിതാ വിഭാഗം മഹിളാ ശക്തി സംസ്ഥാന പ്രസിഡന്റ് ഡോ. സബീന എബ്രഹാം നേതാക്കളായ എ.അരുണ്‍, അജി കൊളോണിയ, ജയദേവ് ഗംഗാധരന്‍, ടിടി സ്റ്റീഫന്‍, സെലിന്‍ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications