കണ്ണൂരിലെ ആഫ്രിക്കന്‍ പന്നിപ്പനി; അടുത്ത ഫാമിലെ പന്നികളേയും കൊന്നൊടുക്കും
കണ്ണൂര്‍: ജില്ലയിലെ ഇരിട്ടി പായം പഞ്ചായത്തില്‍ പെട്ട നാട്ടേല്‍ നെല്ലിക്കുന്നേല്‍ സുനില്‍ മാത്യുവിന്റെ ഫാമിലെ പന്നികളില്‍ കണ്ടെത്തിയത് ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രസ്തുത ഫാമിന് 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള നാട്ടേല്‍ പുത്തേട് ഹൗസിലെ ആന്റണി, അയ്യന്‍കുന്ന് മുണ്ടായംപറമ്പിലെ ചെറുവള്ളില്‍ കുര്യന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ഫാമുകളിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും എന്നും അധികൃതര്‍ അറിയിച്ചു.

ഈ പന്നിഫാമുകളിലെ മുഴുവന്‍ പന്നികളെയും എല്ലാ വിധ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കണം കൊല്ലേണ്ടത് എന്നും ജഡങ്ങള്‍ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കേണ്ടതാണ് എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേയും കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. അന്നും പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു.
ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അതിനോടൊപ്പം ഇത്തരം കടകളുടെ പ്രവര്‍ത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടു വരുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് മാസത്തേക്ക് ആണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ച പന്നി ഫാമില്‍ നിന്ന് മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ട് പോയിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഇത് സംബന്ധിച്ച അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്കു കടത്താന്‍ സാധ്യതയുണ്ട്.
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
അതിനാല്‍ ചെക്ക് പോസ്റ്റുകളിലും കണ്ണൂര്‍ ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാര്‍ഗങ്ങളിലും പൊലീസുമായും ആര്‍ ടി ഒയുമായും ചേര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് കര്‍ശനമായ പരിശോധന നടത്തണ എന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. അതേസമയം, രോഗലക്ഷണങ്ങള്‍ കണ്ടെത്തിയപ്പോള്‍ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എസ് ജെ ലേഖ വിശദമാക്കി.












Click it and Unblock the Notifications