സിനിമാനിര്‍മ്മാതാവിന്റെ മൂന്നേമുക്കാല്‍ കോടി രൂപ തട്ടിയെടുത്തു; ദമ്പതികള്‍ക്കെതിരെ കേസെടുത്തു
കണ്ണൂര്‍: വിദേശ വിപണിയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് കോടി 78 ലക്ഷം രൂപയിലധികം തട്ടിയെടുത്തുവെന്ന പരാതിയില്‍ വഞ്ചനാകുറ്റത്തിന് പ്രവാസി ദമ്പതികള്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. വെള്ളം സിനിമയുടെ നിര്‍മ്മാതാവും തളാപ്പിലെ വാട്ടര്‍മെന്‍ ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍ ബ്രാഞ്ച് മാനേജിംഗ് ഡയരക്ടറുമായ മുരളീദാസ് കുന്നുംപുറത്തിന്റെ പരാതിയിലാണ് കേസ്.
കണ്ണൂര്‍ തളാപ്പിലെ ചൈതന്യ വാട്ടര്‍മെന്‍ ടൈല്‍സ് ട്രേഡിംഗ് ജിസിസി ഡയരക്ടറായ അഖിലേഷ് പടിഞ്ഞാറ്, ഭാര്യയും ഡയറക്ടറുമായ രജന അഖിലേഷ് എന്നിവര്‍ക്കെതിരെയാണ് വഞ്ചനാകുറ്റത്തിന് കേസെടുത്തത്. 2022 മുതലാണ് പരാതിക്കാ സ്പദമായ സംഭവം.

പരാതിക്കാരന്‍ മാനേജിംഗ് ഡയരക്ടറായ സ്ഥാപനവുമായി ബന്ധപ്പെട്ട് വിദേശത്ത് വാട്ടര്‍മെന്‍ ടൈല്‍സ് ട്രേഡിംഗ് ജിസിസി എന്ന പേരില്‍ ബിസിനസ് ചെയ്യാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞ് പാര്‍ട്ണറും ഷെയര്‍ ഹോള്‍ഡറുമാക്കാമെന്നും വിശ്വസിപ്പിച്ച് പരാതിക്കാരനില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന ടൈല്‍സ് കണ്ടെയിനറുകള്‍ വിദേശത്തേക്ക് അയച്ചുകൊടുത്തു.
പിന്നീട് സാധനങ്ങള്‍ പ്രതികള്‍ മറിച്ചു വില്പന നടത്തി ലാഭവിഹിതം നല്‍കാതെയും പരാതിക്കാരനെ പങ്കാളിയാക്കാതെ വാട്ടര്‍മെന്‍ ടൈല്‍സ് എഫ് സെഡ് സി എന്ന കമ്പനി തുടങ്ങി ചതിക്കുകയും 3,78,87178 രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണപുരത്തെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതവും ജോലിയും വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കണ്ണപുരം പോലീസ് കേസെടുത്തു. മിലിട്ടറിയില്‍ ജോലി ചെയ്യുന്ന പറശിനിക്കടവ് കോടല്ലൂരിലെ കലിക്കോട്ട് വീട്ടില്‍ ദേവരാജന്റെ പരാതിയിലാണ് ആംഷീ ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ഡയരക്ടര്‍മാരായ തളിപ്പറമ്പിലെ രാജേഷ് നമ്പ്യാര്‍, വിഘ്‌നേഷ് നമ്പ്യാര്‍, സി.കെ.ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
2022 മാര്‍ച്ച് 21 മുതല്‍ പ്രതികള്‍ പരാതിക്കാരന്റെ മകള്‍ക്ക് സ്ഥാപനത്തില്‍ ജോലി വാഗ്ദാനം നല്‍കിയും നിക്ഷേപമായി പരാതിക്കാരന്റെ മകളുടെ അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും അഞ്ച് തവണകളായി 25 ലക്ഷം രൂപ കൈപറ്റിയ ശേഷം ലാഭവിഹിതമോ പരാതിക്കാരന്റെ മകള്‍ കമ്പനിയില്‍ ജോലി ചെയ്ത വകയില്‍ 6,05,000 രൂപ ശമ്പള കുടിശ്ശികയും നല്‍കാതെ 31,05,000 രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്.












Click it and Unblock the Notifications