ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തില്‍ നിന്നും എംഡിഎംഎ, അന്വേഷണം
കണ്ണൂര്‍: ദേശീയ പാതയിലെ തളാപ്പ് എ.കെ.ജി ആശുപത്രിക്കു മുന്‍പില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മരിച്ച യുവാക്കളിലൊരാളുടെ മൃതദേഹത്തിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും ഇന്‍ക്വസ്റ്റ് നടത്തവേ മയക്കുമരുന്ന് കണ്ടെത്തിയതോടെയാണ് മയക്കുമരുന്ന് മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നുളള സംശയം പൊലീസിനുണ്ടായത്.
കാസര്‍കോഡ് ചൗക്കി ബദര്‍ നഗറിലെ മുഹമ്മദ് ലത്തീഫിന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.9 ഗ്രാം എംഡിഎംഎയാണ് പോക്കറ്റിലുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മംഗളൂരില്‍ നിന്നും ആയിക്കരയിലേക്ക് വരികയായിരുന്ന മത്സ്യലോറിയും കണ്ണൂരില്‍ നിന്നും കാസര്‍കോട്ടെക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായത്.

അപകടത്തില്‍ മുഹമ്മദ് ലത്തീഫ്, സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ പത്തരയോട കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇതോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൊലീസ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തുക.
മരിച്ച യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍ പരിശോധിക്കും. ഇവര്‍ക്കു മുന്‍പിലായി മറ്റൊരു ബൈക്കില്‍ രണ്ട് യുവാക്കളും സഞ്ചരിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടം നടന്നുവെന്നറിഞ്ഞപ്പോള്‍ ഇവര്‍ തിരികെ എ.കെ.ജി ആശുപത്രിയിലേക്ക് വന്നിരുന്നു. ഇവിടെയുണ്ടായിരുന്ന പൊലീസുകാരുമായി സംസാരിക്കുകയും പൊലീസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പറയുകയും ചെയ്തിരുന്നു.
ഇതിനിടെ ഇവര്‍ സ്ഥലം കാലിയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ബൈക്ക് അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ തലശേരി ഭാഗത്തേക്ക് വരികയായിരുന്നു എന്നാണ് സൂചന. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വില്‍പനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.


Click it and Unblock the Notifications