ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ പൊലീസ്, 'ജാമ്യവ്യവസ്ഥ ലംഘിച്ചു'; കോടതിയില്‍ റിപ്പോര്‍ട്ട്
ആകാശ് തില്ലങ്കേരി കഴിഞ്ഞ കുറച്ച് നാളുകളായി സിപിഎമ്മിനെ പ്രതിരോധക്കിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പൊലീസിന്റെ നീക്കം

കണ്ണൂര്‍: സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സി പി എമ്മിനെ നിരന്തരം പ്രതിരോധത്തിലാക്കുന്ന ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ പൊലീസ്. ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. തലശ്ശേരി കോടതിയിലാണ് പൊലീസ് ആകാശ് തില്ലങ്കേരിക്ക് എതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. നിലവില്‍ കേസില്‍ ആകാശ് തില്ലങ്കേരി ജാമ്യത്തിലാണ്. ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നാണ് പൊലീസ് തലശ്ശേരി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ മുഖേനയാണ് പൊലീസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2018 ഫെബ്രുവരി 12 നാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സി പി എം പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.
അതേസമയം ആകാശ് തില്ലങ്കേരി ഉള്‍പ്പടെയുള്ളവര്‍ അടുത്തിടെയായി നടത്തിയ വെളിപ്പെടുത്തലുകള്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പി ജയരാജനെ ഇറക്കി ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ തള്ളിപ്പറയാനാണ് സി പി എം നീക്കം.
സി പി എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയായിരുന്ന പി ജയരാജനുള്ള ജില്ലയിലെ സ്വാധീനം മുതലാക്കി മുഖം രക്ഷിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പരസ്യമായി പി ജയരാജന്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് തില്ലങ്കേരിക്കാരായ ആകാശും ജിജോയും ജയപ്രകാശും.
അതിനാല്‍ ഇവരെ പി ജയരാജനെ കൊണ്ട് തന്നെ തള്ളിപ്പറയിക്കുക എന്ന ഉദ്ദേശ്യവും സി പി എമ്മിനുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തില്ലങ്കേരി ടൗണില്‍ നടക്കുന്ന പരിപാടിയില്‍ സി പി എമ്മിന്റെ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാര്‍ട്ടി അനുഭാവികളും പങ്കെടുക്കും.

സി പി എം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷുഹൈബ് കൊലപാതകം നടപ്പാക്കിയത് എന്ന് സൂചിപ്പിക്കുന്ന കമന്റ് ആകാശ് തില്ലങ്കേരി പങ്ക് വെച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇപ്പോള്‍ തങ്ങളെ തള്ളിപറയുന്നതും മറ്റുള്ളവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി കൊടുക്കുന്നതും അംഗീകരിക്കാനാകില്ല എന്നായിരുന്നു ആകാശ് തില്ലങ്കേരി പറഞ്ഞത്.
ഇത് സി പി എമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര കണ്ണൂരില്‍ എത്തുന്നതിന് മുന്‍പ് പ്രശ്‌ന പരിഹാരത്തിന് ആണ് പാര്‍ട്ടി ശ്രമിക്കുന്നത്.












Click it and Unblock the Notifications