പേര്യചുരം റോഡില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിച്ച സംഭവം: പൊതുമരാമത്ത് വകുപ്പ് അന്വേഷണത്തിന്
കൊട്ടിയൂര്‍: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മാണത്തിനിടെ തൊഴിലാളി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് റോഡ് വിഭാഗം അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ റോഡ് പുനര്‍നിര്‍മ്മാണം നടത്തിവരുന്ന കരാറുകാരനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വകുപ്പ് മേധാവികള്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫിസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
വിള്ളലുകളും മണ്ണിടിച്ചിലുമുള്ള ഈ റോഡില്‍ പുനര്‍ നിര്‍മ്മാണം നടത്തുമ്പോള്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. നെടുംപൊയില്‍-മാനന്തവാടി അന്തര്‍ സംസ്ഥാന പാതയിലെ പേര്യ ചുരം റോഡിന്റെ പുനര്‍നിര്‍മാണത്തിനിടെയാണ് പേര്യ ചുരത്തില്‍ മണ്ണിടിഞ്ഞ് നിര്‍മ്മാണ തൊഴിലാളി വെള്ളിയാഴ്ച്ച അതിദാരുണമായി മരിച്ചത്.

റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പേരാവൂര്‍ ചന്ദനത്തോട് സ്വദേശി പീറ്റര്‍ ചെറുവത്താണ് (62 )മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മട്ടന്നൂര്‍ സ്വദേശി മനോജ്, കണിച്ചാര്‍ സ്വദേശി ബിനു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച രാവിലെയാണ് പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്.
ഏറെ നാളായി പേര്യ ചുരം റോഡില്‍ പുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. നിലവിലുള്ള റോഡിലെ മണ്ണ് ഉള്‍പ്പെടെ നീക്കം ചെയ്ത് വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. ചുരത്തിലെ പലയിടത്തും സോയില്‍ പൈപ്പിങ് ഉണ്ടായതിനെ തുടര്‍ന്നാണ് പുനര്‍ നിര്‍മാണം. പേര്യ ചുരം റോഡ് അടച്ചതിനെ തുടര്‍ന്ന് നിലവില്‍ കണ്ണൂര്‍ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂര്‍ പാല്‍ചുരം വഴിയാണ് വാഹനങ്ങള്‍ പോകുന്നത്.
വയനാട് മാനന്തവാടി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകാനുള്ള രണ്ട് ചുരം പാതകളാണ് പാല്‍ചുരവും പേര്യ ചുരവും. കഴിഞ്ഞ കാലവര്‍ഷത്തിലാണ് പേര്യ ചുരം റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്തത്. ഇതുകാരണം കഴിഞ്ഞ ഒന്നര മാസമായി ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications