കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടിമുറിച്ചു; സംഭവമറിഞ്ഞത് വീട്ടിലെത്തിയപ്പോള്‍
കണ്ണൂര്‍: കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ നീണ്ട മുടി അജ്ഞാതര്‍ മുറിച്ച് മാറ്റി. ഓഡിറ്റോറിയത്തിലെ തിരക്കിനിടെ ആണ് സംഭവം. കണ്ണൂരിലെ ആണൂരില്‍ വെച്ചാണ് പട്ടാപ്പകല്‍ തിരക്കില്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ച് കളഞ്ഞത്. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി.
കരിവെള്ളൂര്‍ സ്വദേശിയും ബിരുദ വിദ്യാര്‍ഥിയുമായ 20-കാരിയായ പെണ്‍കുട്ടിക്ക് ആണ് മുടി നഷ്ടപ്പെട്ടത്. കുടുബാംഗങ്ങള്‍ക്കൊപ്പമാണ് പെണ്‍കുട്ടി വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആണ് മുടി മുറിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

പെണ്‍കുട്ടിയുടെ 20 സെന്റിമീറ്ററില്‍ അധികം മുടി നഷ്ടപ്പെട്ടിട്ടുണ്ട്. നല്ല നീളമുള്ള മുടിയായിരുന്നു പെണ്‍കുട്ടിയുടേത്. അമ്മക്കൊപ്പമായിരുന്നു പെണ്‍കുട്ടി വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഓഡിറ്റോറിയത്തിലെ ഭക്ഷണശാലയിലേക്ക് കടക്കാന്‍ നല്ല തിരക്കായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നു.
ഇതിനിടെയിലാണ് മുടി മുറിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണ് കിടക്കുന്നത് കണ്ടതായി പറയുന്നു. ഓഡിറ്റോറിയം അധികൃതരോട് കാര്യം തിരക്കിയപ്പോള്‍ സി സി ടി വി പ്രവര്‍ത്തിക്കുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്.
മകളുടെ നീളമുള്ള മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാര്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുടി മാഫിയയെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണം എന്നും പെണ്‍കുട്ടിയുടെ രക്ഷിതാവ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications