കണ്ണൂര്‍ സര്‍വകലാശാല അസോ.പ്രൊഫസര്‍ നിയമനം: വിസിയുടേത് ഗുരുതര വീഴ്ച്ചയെന്ന് മാര്‍ട്ടിന്‍ ജോർജ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസോ.പ്രൊഫസര്‍ നിയമന നടപടിക്രമത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ ഡോ.പ്രിയ വര്‍ഗീസിനെ തിരുകി കയറ്റുവാനുള്ള ശ്രമത്തിനിടയില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. കഴിഞ്ഞ നവംബര്‍ 18നു ഓണ്‍ലൈന്‍ ആയി നടന്ന ഇന്റര്‍വ്യൂവില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് യുജിസി റെഗുലേഷന്‍ പ്രകാരം വേണ്ടുന്ന യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ഥികളെ കൂടി ഉള്‍കൊള്ളിച്ച് സെലക്ഷന്‍ കമ്മറ്റി ഇന്റര്‍വ്യൂ നടത്തിയിരിക്കുന്നത്.
യുജിസി റെഗുലേഷന്‍ 4.1.2ല്‍ ഇനം നമ്പര്‍ മൂന്നു പ്രകാരം എട്ടു വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയം കൂടാതെ യുജിസി അംഗീകരിച്ചിട്ടുള്ള ജേര്‍ണലില്‍ ഏഴു പ്രസിദ്ധീകരണങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം എന്നതാണ് വ്യവസ്ഥ. പക്ഷെ ഇതൊന്നും പാലിക്കപെട്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ 18നു ഓണ്‍ലൈനില്‍ നടന്ന ഇന്റര്‍വ്യൂവില്‍ 150നടുത്ത് റിസര്‍ച്ച് സ്‌കോറുള്ള ഡോ. പ്രിയ വര്‍ഗീസിന് 32മാര്‍ക്കും, പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോറിന്റെ നാലിരട്ടിയുള്ള (650നടുത്ത് ) ഡോ. ജോസഫ് സ്‌കറിയ്ക്ക് 30മാര്‍ക്കുമാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ മറ്റു ഉദ്യോഗാര്‍ഥികളായ ഡോ. സി. ഗണേഷ് (28), ഡോ. പ്രകാശന്‍ പി. പി (26), ഡോ. മുഹമ്മദ് റാഫിക്ക് (22), ഡോ.റെജികുമാര്‍ ഡി (21) എന്നിങ്ങനെയാണ് മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രിയ വര്‍ഗീസിനെ നിയമനത്തിനു വേണ്ടി സെലക്ഷന്‍ കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. മേല്‍ പറഞ്ഞ റാങ്ക് ലിസ്റ്റ് സിണ്ടിക്കേറ്റ് അംഗീകരിക്കേണ്ട നടപടിക്രമം മാത്രമാണ് ഇനി ബാക്കിയുള്ളത്.

പക്ഷെ പ്രിയ വര്‍ഗീസിന്റെ അധ്യാപന പരിചയത്തെകുറിച്ച് ഇന്റര്‍വ്യൂവിനു മുന്‍പ് തന്നെ നല്‍കിയ പരാതികള്‍ നിലവിലുണ്ട്, ആയതിനാല്‍ സര്‍വകലാശാല പ്രസ്തുത വിഷയം നിയമോപദേശത്തിനു വിട്ടിരിക്കുകയാണ്. ഇന്റര്‍വ്യൂ ബോര്‍ഡ് തന്നെ ഒരു ഉദ്യോഗാര്‍ഥിയുടെ അഞ്ചു പ്രസിദ്ധീകരണങ്ങള്‍ മാത്രമേ പരിഗണിക്കുവാന്‍ സാധിക്കുകയുള്ളു എന്ന് മിനിറ്റുസില്‍ വ്യക്തമാക്കുകയും അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്ത് മാര്‍ക്ക് രേഖപെടുത്തുകയും ചെയ്തിരിക്കുന്നു. യോഗ്യത ഇല്ല എന്ന് സെലക്ഷന്‍ കമ്മറ്റിക്ക് ബോധ്യമുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ നിയമപരമായി ഇന്റര്‍വ്യൂ ചെയുവാന്‍ പാടില്ല.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയില്‍ സമാന വിഷയമുണ്ടായപ്പോള്‍ ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യൂ ചെയ്യാതെ മടക്കിയയക്കുകയാണ് ചെയ്തിരുന്നത്. കണ്ണൂര്‍ സര്‍വകലാശാലക്ക് സമയമില്ല എന്ന് പറയുന്ന വൈസ് ചാന്‍സിലര്‍ എങ്ങനെയാണു യോഗ്യത ഇല്ലാത്ത ഉദ്യോഗാര്‍ഥികളെ കൂടി ഇന്റര്‍വ്യൂ ചെയ്യുവാന്‍ സമയം കണ്ടെത്തിയത് എന്നതും വിചിത്രമാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അഭിപ്രായപെട്ടു. പ്രസ്തുത തസ്തികയില്‍ ആകെ ലഭിച്ച 10 അപേക്ഷകളില്‍ 4 അപേക്ഷകള്‍ മതിയായ യോഗ്യത ഇല്ല എന്നു പറഞ്ഞുകൊണ്ട് നിരസിച്ചിരുന്നു. അവരില്‍ പലര്‍ക്കും ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറും മതിയായ യോഗ്യതയും ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ആയതിനാല്‍ സൂക്ഷ്മ പരിശോധനകഴിഞ്ഞു അയോഗ്യത കല്പിക്കപെടേണ്ടവരെ കൂടി ഉള്‍പെടുത്തി സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കിയ സ്‌ക്രീനിംഗ് കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഭിപ്രായപെട്ടു. അപേക്ഷ നിരസിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ വാദം കൂടി അല്ലെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ കൈമാറുവാനുള്ള ഒരവസരം പോലും സര്‍വകലാശാല നല്‍കിയിട്ടുമില്ല.
കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ഇന്റര്‍വ്യുകളില്‍ അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളില്‍ ഡോ. ജോസഫ് സ്‌കറിയ്ക്ക് ഒന്നാം റാങ്ക് നല്‍കിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. ഇതും സര്‍വകലാശാലക്ക് അപമാനമായിരിക്കുകയാണ്. പ്രിയ വര്‍ഗീസ്സിന് വഴി വിട്ടു നിയമനം നല്‍കുവാന്‍ ശ്രമിച്ച വൈസ് ചാന്‍സിലര്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിനാല്‍ തന്നെ യോഗ്യത ഇല്ലാത്ത ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യു നടത്തി മാര്‍ക്ക് നല്‍കിയിരിക്കുന്നത് ക്രമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഈ റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്യുവാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറാകണമെന്നും, ഈ ലിസ്റ്റുമായി നിയമനത്തിനു ശ്രമിക്കുകയാണെങ്കില്‍ വിസിക്കെതിരെ നിയമനടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications