അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; ഓരോ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണ സംഘം
കണ്ണൂര്‍: കണ്ണൂര്‍ താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടു പരാതി ലഭിക്കുന്ന സ്റ്റേഷനുകളില്‍ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓരോ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത്.
മയ്യില്‍, ചക്കരക്കല്‍, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, വളപട്ടണം, എന്നിവടങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികളുയരുന്നത്. 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. കൂടുതല്‍ വീട്ടമ്മമാjeണ് ധനകാര്യ സ്ഥാപനത്തിന്റെ വഞ്ചനക്കിരയായിട്ടുള്ളത്. വളപട്ടണത്ത് കമലത്തിന്റെ മൂന്ന് ലക്ഷം, പുഷ്പവല്ലിയുടെ അഞ്ച് ലക്ഷം, ചക്കരക്കല്‍ ഇരിവേരി സ്വദേശി പ്രശാന്തന്റെ 26 ലക്ഷം, ജഗദീപന്റെ 20 ലക്ഷം, ഏച്ചൂര്‍ സ്വദേശി മോഹനന്റെ 15-ലക്ഷം, മയ്യിലില്‍ പാപ്പിനിശേരി സ്വദേശിനി നിഷയുടെ ഏഴ് ലക്ഷം എന്നിവരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

നിക്ഷേപ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതിയായ അസി. ജനറില്‍ മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ സി. ഐ വിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആയിരത്തോളം ഫയലുകള്‍. 50 കംപ്യൂട്ടറുകള്‍, 25 ലാപ് ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കംപ്യൂട്ടറുകളും ലാപ് ടോക്കുകളും ലോക്കാണെന്ന് പൊലിസ് അറിയിച്ചു.
ജീനയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ മാത്രമേ ഇതിന്റെയൊക്കെ പാസ് വേര്‍ഡ് വ്യക്തമാവുകയുളളു. അര്‍ബന്‍ നിധി തട്ടിപ്പിനിരയായ നിരവധി പേര്‍ ജീനയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. നിക്ഷേപം സ്വീകരിക്കുന്നതില്‍ ജീനയാണ് പ്രധാന പങ്കുവഹിച്ചതെന്നു പൊലീസ് അന്വേഷണത്തിലും വ്യക്തമായിരുന്നു.
നേരത്തെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഒന്നും മൂന്നും പ്രതികളായ തൃശൂര്‍ സ്വദേശി കെ. എം ഗഫൂര്‍(46) മലപ്പുറം സ്വദേശി ഷൗക്കത്തലി(43) എന്നിവരെ കണ്ണൂര്‍ ടൗണ്‍ സി. ഐ പി. എ ബിനുമോഹന്റെ നേതൃത്വത്തില്‍ ആറുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരെ സ്ഥാപനത്തിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.












Click it and Unblock the Notifications