തലശ്ശേരിയില്‍ വീടിനുള്ളില്‍ ബോംബ് സ്‌ഫോടനം; യുവാവിന് പരിക്ക്
തലശ്ശേരി: കണ്ണൂരില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന് പരിക്ക്. തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ ആണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നടമ്മല്‍ വീട്ടില്‍ ജിതിനാണ് പരിക്കേറ്റത്.
25 കാരനായ ജിതിന്‍ തനിച്ച് താമസിക്കുന്ന വീടിനുള്ളിലാണ് സ്‌ഫോടനം ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ആണ് ഉണ്ടായത് എന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസ് എത്തിയാണ് ജിതിനെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ജിതിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്‌ഫോടനത്തില്‍ ജിതിന്റെ കൈക്കും കാലിനും മുതുകിനുമാണ് പരിക്കേറ്റത്. സ്‌ഫോടനത്തില്‍ ഓടിട്ട വീടിന്റെ മുറിയും നജനല്‍ ചില്ലുകളും ഫാനും തകര്‍ന്നിട്ടുണ്ട്. സ്റ്റീല്‍ ബോംബാണ് പൊട്ടിയത് എന്നാണ് പൊലീസ് പറയുന്നത്. അതേസമയം സ്‌ഫോടനത്തില്‍ ഒന്നിലധികം ബോംബുകള്‍ പൊട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി കെ. അജിത്ത് കുമാര്‍ പറഞ്ഞു.
അജിത്ത് കുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും എന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനം നടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലും ബോംബ് -ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജിതിന്റെ പരിക്ക് സാരമുള്ളതല്ല. വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications