തദ്ദേശപ്പോരിൽ കൊണ്ടും കൊടുത്തും നേതാക്കൾ: കണ്ണൂരിൽ വിഷയം അക്രമ രാഷ്ട്രീയവും വെൽഫെയർ പാർട്ടിയും
കണ്ണുർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രചാരണ തിരക്കിനിടെ കണ്ണൂരിൽ മൂന്ന് മുന്നണി നേതാക്കളും മുഖാമുഖം ഒത്തുകൂടിയപ്പോൾ ചർച്ചയായത് ചൂടേറിയ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി കണ്ണൂർ പ്രസ് ക്ലബ്ബ് നടത്തിയ തദ്ദേശപ്പോര് 2020ൽ മുഖാമുഖം തെരഞ്ഞെടുപ്പ് സംവാദപരിപാടിക്കിടെയാണ് കൊണ്ടും കൊടുത്തും നേതാക്കൾ മുന്നേറിയത്.
സ്വർണക്കടത്തും മയക്കുമരുന്ന് കേസും വികസന മുരടിപ്പും കോൺഗ്രസും ബിജെപിയും പ്രധാന വിഷയമായി ഉയർത്തിക്കാട്ടിയപ്പോൾ കോൺഗ്രസിൻ്റെ വെൽഫെയർ പാർട്ടി ബന്ധമാണ് സിപിഎം ജില്ലാ സെക്രട്ടറി എം വി.ജയരാജൻ പ്രചാരണ പോസ്റ്റർ ഉയർത്തിക്കാട്ടി തെളിവു സഹിതം പൊളിച്ചടുക്കിയത്. ബിജെപി വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ചില സ്ഥലങ്ങളിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ സ്ഥാനാർത്ഥിയാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

എന്നാൽ യുഡിഎഫ് ചില സ്ഥലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിൻതുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുക്കത്തടക്കം സിപിഎം വെൽഫെയർ പാർട്ടിയുടെ പിൻതുണ സ്വീകരിച്ചിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മറുപടിയായി പറഞ്ഞു. സ്വർണക്കടത്തിൽ ആരോപണ വിധേയമായി മുഖ്യമന്ത്രിയുടെയും ഓഫിസിൻ്റെയും മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാലാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാത്ത തെന്നും പാച്ചേനി കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ് മുഖ്യമന്ത്രി പരസ്യപ്രചാരണത്തിന്റെ ഇറങ്ങാത്തതെന്നും ഓൺലൈനായി അദ്ദേഹം ലക്ഷക്കണക്കിനാളുകളെ അഭിസംബോധന ചെയ്യുന്നുണ്ടെന്നും എം.വി ജയരാജൻ ഇതിനു മറുപടിയായി പറഞ്ഞു.
ഇതു വരെ നാടുഭരിച്ച മുന്നണികൾ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും നാട്ടിൽ വിപ്ളവകരമായ വികസന പ്രവർത്തനങ്ങൾ നടത്തിയത് നരേന്ദ്ര മോദി സർക്കാരാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് പറഞ്ഞു. മത തീവ്രവാദ പ്രസ്ഥാനമായ ജമാത്തെ ഇസ്ലാമിയെ പുൽകിയവരാണ് ഇരു മുന്നണികളെന്നും ഇപ്പോൾ ഒരുത്തർക്കു ലഭിക്കാത്തതിലും മറ്റൊരാൾക്കു ലഭിച്ചതിലുമുള്ള തർക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ബി.ജെ.പി പ്രസിഡന്റ് പറഞ്ഞു.
നാടിൻ്റെ വികസനത്തിനായി ഇരുവർക്കും ആത്മാർത്ഥതയില്ലെന്നും ഹരിദാസ് ചുണ്ടിക്കാട്ടി. തെരെഞ്ഞടുപ്പ് പ്രചാരണത്തിന് തങ്ങളെ സി.പി.എം അനുവദിക്കുന്നില്ലേന്നു സതീശൻ പാച്ചേനിയും എൻ.ഹരിദാസും ഒരേ സമയം പരാതിപ്പെട്ടു.സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുകയും പ്രചരണ ബോർഡുകൾ എടുത്തു കൊണ്ടുപോവുകയാണെന്നും ഇവർ ആരോപിച്ചു.അക്രമം നടത്തുന്നവരെ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവഴിച്ചു സംരക്ഷിക്കുകയാണ് ഇടതു സർക്കാർ ചെയ്യുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു.
പെരിയ സംഭവത്തിൽ കൃപേഷിനെയും ശരത് ലാലിനെയും കൊന്ന സി.പി.എം നേതാക്കളെ സംരക്ഷിക്കാൻ സർക്കാർ സുപ്രീം കോടതിയിൽ കേസ് നടത്തിയത് ഇതിൻ്റെ തെളിവാണെന്നും സതീശൻ പാച്ചേനി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണ്. സർക്കാർ കോടതി വിധിയിലൂടെ നാണം കെട്ടിരിക്കുകയാണെന്നും പാച്ചേനി വ്യക്തമാക്കി.
വെൽഫെയർ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞത് അവിശുദ്ധ സഖ്യമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കുമെന്നതിൻ്റെ സൂചനയാണെന്ന് എം.വി ജയരാജൻ പറഞ്ഞു. ഡൽഹിയിലടക്കം വർഗീയ കലാപങ്ങൾ നടത്തിയ പാർട്ടിയാണ് ബി.ജെ.പി.രാജീവ് ഗാന്ധി സെൻ്ററിന് ഗോൾവാൾക്കറിൻ്റെ പേരു നൽകി വർഗീയത പരത്താൻ ഇവർ ശ്രമിക്കുകയാണെന്നും ജയരാജൻ ചുണ്ടിക്കാട്ടി. കണ്ണൂർ പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് എ.കെ ഹരിസ് അദ്ധ്യക്ഷനായി. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications