കേരളത്തിന്റെ വായനാസംസ്‌കാരം ലോകത്തിന് മാതൃക: ക്യൂബന്‍ അംബാസഡര്‍
കണ്ണൂര്‍: സാമൂഹ്യ പരിഷ്‌കരണത്തിലും വികസന രംഗത്തും കേരളം ആര്‍ജിച്ച നേട്ടം ഉജ്വലവും അഭിമാനകരവുമാണെന്ന് ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അലഹാന്‍ത്രോ സിമാന്‍കാസ് മാറിന്‍. വിദ്യാഭ്യാസത്തിലും വായനാസംസ്‌കാരത്തിലും പുരോഗമന ആശയങ്ങളും മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലുമെല്ലാം കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാണ്. ഇത് ഞങ്ങളുടെകൂടി നേട്ടമായാണ് കാണുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥാലയങ്ങളുള്ള, പുരോഗമന പ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ വരാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ചരിത്ര ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അലഹാന്‍ത്രോ.

2023 ജനുവരി ഒന്ന് ക്യൂബന്‍ വിപ്ലവത്തിന്റെ 63ാം വാര്‍ഷികമാണ്. ജനുവരി 12 ഇന്ത്യ- ക്യൂബ ഉഭയകക്ഷി സഹകരണം ആരംഭിച്ചതിന്റെ 62ാം വാര്‍ഷകിവും. ഈ രണ്ടു ദിവസങ്ങളും ക്യൂബയെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇന്ത്യ- ക്യൂബ സൗഹൃദം ദൃഢമാക്കുന്നതില്‍ കേരളത്തിന്, മലയാളികള്‍ക്ക് നിര്‍ണായക പങ്കുണ്ട്. സമ്പൂര്‍ണ സാക്ഷരതയും വായനസംസ്‌കാരവും രൂപപ്പെടുത്തുന്നതുള്‍പ്പെടെ പല അടിസ്ഥാന കാഴ്ചപ്പാടുകളിലും കേരളവും ക്യൂബയും സമാനമാണ്.
ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ വിപ്ലവസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് ജനങ്ങളെ സാക്ഷരരാക്കുക എന്നതാണ്. ഒരു വര്‍ഷത്തിനകം തന്നെ രാജ്യത്തെ മുപ്പതു ലക്ഷം ജനങ്ങളെയും സാക്ഷരരാക്കാന്‍ കഴിഞ്ഞു. സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനമാണ് സാക്ഷരതയും വിപുലമായ വായനാസംസ്‌കാരവുമെന്ന് ഫിദല്‍ എടുത്തു പറഞ്ഞു. നാടിന്റെയും ജനതയുടെയും മുന്നേറ്റത്തെ അത് ഉത്തേജിപ്പിക്കുന്നുവെന്നും അലഹാന്‍ത്രോ സിമാന്‍കാസ് മാറിന്‍ പറഞ്ഞു.












Click it and Unblock the Notifications