മസ്തിഷ്ക മരണം സംഭവിച്ച വനജയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് അഞ്ച് പേർ
കണ്ണൂർ: മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിനി വനജയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് അഞ്ച് പേർ. സര്‍ക്കാറിന്റെ മരണാനന്തര അവയവദാന പദ്ധതിയിലൂടെയാണ് അവയവദാനം നടത്തിയത്. രണ്ടുപേര്‍ക്ക് കരളും രണ്ടുപേര്‍ക്ക് വൃക്കയും ഒരാള്‍ക്ക് നേത്രപടലവും ലഭ്യമാവും. അവയവദാനം ചെയ്യാനുളള തീരുമാനത്തിന് വനജയുടെ കുടുംബത്തെ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അഭിനന്ദിച്ചു.
കെകെ ശൈലജയുടെ കുറിപ്പ് വായിക്കാം: '' തലശേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അഞ്ചരക്കണ്ടി ചെറിയവളപ്പ് സ്വദേശിനിയായ ടി വനജ(53) മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്തത് അങ്ങേയറ്റം മനുഷ്യ സ്‌നേഹപരമായിട്ടുള്ളൊരു കാര്യമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യങ്ങളുണ്ടായതിനെ തുടര്‍ന്ന് വനജയെ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിക്കുന്നത് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവിയും കണ്ണൂര്‍ ഡിഎംഒ ഡോ. നാരായണ്‍ നായികും കെഎന്‍ഒഎച്ച് റീജീയണല്‍ കോഡിനേറ്റര്‍ ഡോ. ശ്രീലതയും അടങ്ങിയ മെഡിക്കല്‍ സംഘം വനജയുടെ ബന്ധുക്കളോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് അവയവ ദാനത്തിനുള്ള തീരുമാനമുണ്ടായത്. ഇതുവഴി രണ്ടുപേര്‍ക്ക് കരളും രണ്ടുപേര്‍ക്ക് വൃക്കയും ഒരാള്‍ക്ക് നേത്രപടലവും ലഭ്യമാവും.
അഞ്ചുപേര്‍ക്കാണ് വനജയുടെ കുടുംബത്തിന്റെ മനുഷ്യത്വ പൂര്‍ണമായ തീരുമാനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബേബി മെമ്മോറിയല്‍ ആശുപത്രി, കോഴിക്കോട് മിംമ്‌സ് എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരിലേക്ക് അവയവങ്ങള്‍ മാറ്റി സ്ഥാപിച്ചത്. സര്‍ക്കാറിന്റെ മരണാനന്തര അവയവദാന പദ്ധതിയിലൂടെയാണ് അവയവദാനം നടത്തിയത്. കേരളത്തിലെ ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രി അതിന് നേതൃത്വം നല്‍കുന്നത് ആദ്യമായാണ്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കൈവന്നിട്ടുള്ള ഗുണപരമായ മാറ്റത്തിന്റെ സൂചനകൂടിയാണ് ഇത്.
ആധുനികമായ ചികിത്സാ സംവിധാനങ്ങളും ശസ്ത്രക്രിയാ സംവിധാനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കാന്‍ സാധിച്ചതിന്റെ കൂടെ ഭാഗമായാണ് ഇത്തരത്തിലൊരു നേട്ടം കൈവരിക്കാന്‍ നമുക്ക് സാധിച്ചത്. ഏറെ ദുഖാര്‍ത്ഥമായ സാഹചര്യത്തിലും സഹജീവികളോട് കാരുണ്യം കാണിച്ച വനജയുടെ ഭര്‍ത്താവ് രാജനോടും, രണ്ട് മക്കളോടും കുടുംബാംഗങ്ങളോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഡോ. ആശാ, ഡോ. അജിത്ത് ഉള്‍പ്പെടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫിനും പ്രത്യേക അഭിനന്ദനങ്ങൾ''.












Click it and Unblock the Notifications