കണ്ണൂരില്‍ കള്ളവോട്ട്; പ്രേമദാസന് പകരം പ്രേമരാജന്‍... ചലഞ്ച് വോട്ട് ചെയ്യാന്‍ അനുമതി
കണ്ണൂര്‍: മുഴുപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. നാലാം വാര്‍ഡില്‍ പ്രേമദാസന്‍ എന്ന വോട്ടര്‍ക്ക് പകരം പ്രേമരാജന്‍ വോട്ട് ചെയ്തു. രാവിലെ 8.15നാണ് പ്രേമദാസന്‍ വോട്ട് ചെയ്യാനെത്തിയത്. അതിന് മുമ്പേ നിങ്ങളുടെ വോട്ട് ചെയ്തു എന്ന വിവരമാണ് ഇയാള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് രേഖാമൂലം പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. ചര്‍ച്ചകള്‍ക്ക് ശേഷം പ്രേമദാസന് ചലഞ്ച് വോട്ട് ചെയ്യാന്‍ അനുമതി നല്‍കി. കണ്ണന്‍വയല്‍ പടനക്കട്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. തലശേരി നഗരസഭയിലും കള്ളവോട്ട് നടന്നു എന്ന ആരോപണമുണ്ട്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ രാവിലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടിടങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നത്.

അതേസമയം, മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാറില്‍ രണ്ട് ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. കണ്ണൂരിലും മലപ്പുറത്തുമാണ് സംഘര്‍ഷമുണ്ടായത്.
കണ്ണൂര്‍ പയ്യന്നൂരിലാണ് സംഘര്‍ഷമുണ്ടായത്. മുന്‍സിപ്പാലിറ്റി നാലാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു എന്നാണ് ആക്ഷേപം. പരിയാരം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു എന്നും പരാതിയുണ്ട്.
മലപ്പുറം പെരുമ്പടപ്പ് യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്ക് പരിക്കേറ്റു. താനൂരില്‍ മുന്‍ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു. ബൂത്തിനടുത്ത് വച്ച് വോട്ട് ചോദിക്കല്‍ നടന്നത് ചോദ്യം ചെയ്തതാണ് മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമത്രെ. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു. എല്‍ഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ഉള്‍പ്പെടെയുള്ള കോര്‍പറേഷന്‍ എന്‍ഡിഎ പിടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications