അയ്യന്‍കുന്നില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, എത്തിയത് സിപി മൊയ്തീന്റെ നേതൃത്വത്തിലുളള സംഘം
ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിക്ക് അടുത്ത വാളത്തോട്ടിലെ മൂന്ന്‌വീടുകളിലെത്തിയ മാവോയിസ്റ്റുകള്‍ ഭക്ഷണം കഴിച്ചതിനു ശേഷം ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചു മടങ്ങുകയായിരുന്നു.
ഒരു സ്ത്രീയും നാലു പുരുഷന്‍മാരും അടങ്ങുന്ന സായുധ സംഘമാണ് വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശത്തെ വീടുകളിലെത്തിയത്. കര്‍ണാടക അതിര്‍ത്തി പ്രദേശമായ വാളത്തോട്ടിലെ കാട്ടുപറമ്പില്‍ ജയപാലന്‍, കുറ്റിയാനിക്കല്‍ ജോസ്, ഐക്കര വടക്കേതില്‍ പ്രസന്നന്‍, എന്നിവരുടെ വീടുകളിലാണ് മാവോയിസ്റ്റു സംഘമെത്തിയത്.

മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്‍, ജിഷ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. വീടുകളില്‍ നിന്നും ചോറും കഞ്ഞിയും ചക്ക പുഴൂങ്ങിയതും കഴിച്ച സംഘം അരി, പഞ്ചസാര, ഉളളി, കാന്താരി മുളക്, ടിഫിന്‍ ബോക്‌സ് എന്നിവ വാങ്ങിയ ശേഷം കാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
മാവോയിസ്റ്റുകളാണെന്നു സ്വയം പരിചയപ്പെടുത്തിയാണ് സംഘം വീടുകളിലെത്തിയത്. തങ്ങള്‍ വന്നത് ആരോടും പറയരുതെന്ന് നിര്‍ദ്ദേശിച്ചതായും വീട്ടുകാര്‍ പറയുന്നു. മണിക്കൂറുകളോളം വീടുകളില്‍ ചെലവഴിച്ചു മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവ ചാര്‍ജ്ജു ചെയ്തിനു ശേഷം ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചാണ് സംഘം വനപാതയിലേക്ക് മടങ്ങിയത്. അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഇതു അഞ്ചാംതവണയാണ് മാവോയിസ്റ്റുകളെത്തുന്നത്.
വിവരമറിഞ്ഞ് ഇരിട്ടി ഡി. വൈ. എസ്.പിയുടെ നേതൃത്വത്തിലുളള സംഘംസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വീട്ടുകാരില്‍ നിന്നും മൊഴിയെടുക്കുകയും ഇനിയും മാവോയിസ്റ്റുകളെത്തിയാല്‍ വിവരമറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കൊട്ടിയൂര്‍ വനമേഖലയിലെ അമ്പായത്തോട്ടില്‍ നേരത്തെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. അമ്പായത്തോട് ടൗണിലിറങ്ങി പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇവിടെ തണ്ടര്‍ബോള്‍ട്ട് സ്ഥിരം ക്യാംപ് ചെയ്യുന്നതിനാല്‍ ഇവര്‍ ഇരിട്ടി മേഖലയിലെ വനാതിര്‍ത്തിയായ അയ്യന്‍കുന്നിലേക്ക് മാറുകയായിരുന്നു. തോക്കുള്‍പ്പെടെയുളള ആയുധങ്ങളേന്തിയ സംഘമാണ് അയ്യന്‍കുന്നിലെത്തിയത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍, റൂറല്‍ എസ്. പി ഹേമലത എന്നിവര്‍ ജില്ലയിലെ പൊലിസ് സ്‌റ്റേഷനുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications