കുഞ്ഞിമംഗലത്ത് ആധുനിക സ്‌റ്റേഡിയം വരുന്നു; നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്‌ത് മന്ത്രി അബ്‌ദുറഹിമാൻ
പയ്യന്നൂർ: കേരളത്തിലെ കായിക മേഖലകായിക മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളം ഇപ്പോൾ കായിക ഇക്കോണമി നടപ്പാക്കുകയാണ്. ഇതിലൂടെ സാമ്പത്തിക മേഖലയിലേക്ക് കായിക മേഖലയെയും കൊണ്ടു വരികയാണ്. കേരളത്തെ കായിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിൻ്റെ പ്രധാനമായ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ എട്ട് വർഷം കൊണ്ട് 2000 കോടി രൂപയാണ് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി മാറ്റിവെച്ചതെന്നും ഇന്ത്യയിൽ വേറൊരു സംസ്ഥാനവും ഇത്രയും അധികം തുക കായിക രംഗത്തിന് വേണ്ടി ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പ്രാർത്ഥന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി പി ഷിജു, കെ പി റീന, എം വി ദീബു, കെ സുമയ്യ, വി ശങ്കരൻ, വി വി രാഘവൻ, വി കെ കരുണാകരൻ, ടി പി മുസ്തഫ, വി വി പ്രകാശൻ, പി ഗോവിന്ദൻ, കെ എം ബാലകൃഷ്ണൻ, പി കരുണാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അഞ്ച് ലക്ഷം രൂപ മന്ത്രിക്ക് കൈമാറി.
വാർഡ് എട്ടിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ഒരേക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷവും ഉൾപ്പടെ ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തി സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, റിട്ടെയിനിംഗ് വാൾ, ചുറ്റുമതിൽ, ഗേറ്റ്, ഫ്ളെഡ് ലൈറ്റ് എന്നീ സംവിധാനങ്ങളാണ് ഒരുക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.












Click it and Unblock the Notifications