ആര്‍മി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍
കണ്ണൂര്‍: ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയവരെ ആര്‍മി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശി അക്ഷയ് കോര്‍ബാള്‍(21)നെയാണ് കണ്ണൂര്‍ സൈബര്‍ പൊലീസും സംഘവും പിടികൂടിയത്. ജയ്പൂരിനടുത്തുള്ള ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ മുഖ്യആസൂത്രകനായ അക്ഷയുടെ പിതൃസഹോദരന്റെ മകന്‍ സുരേന്ദ്ര കോര്‍ബാള്‍ രക്ഷപ്പെട്ടു.
ഇയാളെ പിടികൂടാനും കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വേണ്ടിയും പൊലീസ് വീണ്ടും ജയ്പൂരിലേക്ക് തിരിക്കുമെന്നും സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സനില്‍കുമാര്‍ പറഞ്ഞു. ഒഎല്‍എക്‌സില്‍ ഫ്‌ളാറ്റ് വില്പനയ്‌ക്കെന്ന പരസ്യം കൊടുത്ത താഴെചൊവ്വ സ്വദേശിനിയില്‍ നിന്നാണ് അക്ഷയും സുരേന്ദ്രയും ചേര്‍ന്ന് 2,60,000 രൂപ തട്ടിയെടുത്തത്.

ആര്‍മി ഉദ്യോഗസ്ഥാനാണെന്ന വ്യാജ ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും ഫോണ്‍ ചെയ്ത് ഫ്‌ളാറ്റ് ഇഷ്ടപ്പെട്ടുവെന്നും ഉടന്‍ ഡീല്‍ ഉറപ്പിക്കണമെന്നും പറഞ്ഞ് ആദ്യം പരാതിക്കാരിയുടെ വിശ്വാസ്യത പിടിച്ചുപറ്റുകയായിരുന്നു. പരാതിക്കാരിക്ക് ഓണ്‍ലൈന്‍ ബാങ്കിങ്ങ് സംഭവങ്ങളെ കുറിച്ചുള്ള അജ്ഞതയെ മുതലെടുത്ത് കൊണ്ട് അവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് തവണയായാണ് രണ്ട് ലക്ഷത്തിലധികം രൂപ പരാതിക്കാരിയില്‍ നിന്നും തട്ടിയെടുത്തത്.
ഫെബ്രുവരി 28നാണ് ഇവര്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. അക്ഷയും സുരേന്ദ്രനും ചേര്‍ന്ന് താണ സ്വദേശിയായ മറ്റൊരാളെയും വഞ്ചിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ പരാതിയും ഫെബ്രുവരിയില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തത്. ഫ്‌ളാറ്റ് വില്പനയുടെ പരസ്യം ചെയ്ത ഇയാളില്‍ നിന്നും 1,85,000 രൂപയാണ് തട്ടിയെടുത്തത്. ടെക്‌നിക്കല്‍ അനാലിസിസിലൂടെ ഇവര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
കഴിഞ്ഞ 24ന് രാത്രി വളരെ ശ്രമകരമാണ് സൈബര്‍ പൊലീസ് ഇന്‍സെപ്കടര്‍ കെ സനില്‍കുമാറും ടീമംഗങ്ങളായ എസ് ഐ എം ദിനേശ്, മയ്യില്‍ പൊലീസ് എസ് ഐ പ്രശോഭ്, എഎസ്‌ഐ വിവി പ്രകാശന്‍, ടൗണ്‍ സ്റ്റേഷന്‍ സിപിഒ കെ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്. ജനങ്ങളുടെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത വേണമെന്നും സൈബര്‍ പൊലീസ് പറഞ്ഞു.












Click it and Unblock the Notifications