വിദ്വേഷ പ്രസംഗം: ഇരിട്ടിയിൽ വൈദികനെതിരെ പോലീസ് കേസെടുത്തു
ഇരിട്ടി: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടി ഉളിക്കലില്‍ പരസ്യമായി ഇതര മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ ക്രൈസ്തവ വൈദികനെതിരെ പൊലിസ് കേസെടുത്തു. ഇരിട്ടി മണിക്കടവ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ ഇരിട്ടി കുന്നോത്ത് പള്ളിയിലെ വൈദികനായ ഫാദര്‍ ആന്റണി തറെക്കടവിലിനെതിരെയാണ് ഉളിക്കല്‍ പൊലിസ് കേസെടുത്തത്. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെയായിരുന്നു പ്രകോപനപരമായ പ്രസംഗം. എസ്.കെ. എസ്. എസ്. എഫ് ഇരിട്ടി മേഖലാകമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് സമൂഹത്തില്‍ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന കുറ്റമാരോപിച്ചു പൊലിസ് കേസെടുത്തത്.

ഹലാല്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇസ്‌ലാം മതവിശ്വാസികളെയും പ്രവാചകനായ മുഹമ്മദ് നബിക്കെതിരെയും മോശമായി പ്രസംഗിച്ചുവെന്ന് മുസ്‌ലിം സംഘടനകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് തന്റെ ഭാഗം ന്യായീകരിക്കുന്നതിനായി അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു.
വൈദികന്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് വിവിധ കോണുകളില്‍ നിന്നും വൈദികനെതിരെ വിമര്‍ശനമുയര്‍ന്നത്. നേരത്തെ നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപിച്ചു പാലാ ബിഷപ്പ് നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് പാലാ ബിഷപ്പിനെതിരെ പൊലിസ് കേസെടുത്തിരുന്നു. ഇതിന്റെ വിവാദങ്ങളുടെ പൊടിയടങ്ങും മുന്‍പേയാണ് ഇരിട്ടില്‍ മറ്റൊരു വൈദികന്‍ വിവാദ പ്രസംഗം നടത്തിയത്. മണിക്കലിലെ വൈദികനെതിരെ കേസെടുത്ത പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications