പയ്യന്നൂരിലെ വ്യാപാരിയുടെ വീട്ടിലും കവര്‍ച്ച നടത്തിയത് ആസിഫ്: തെളിവെടുപ്പ് നടത്തി പൊലിസ്
പയ്യന്നൂര്‍: കരിവെളളൂരിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ മോഷ്ടാവിനെ കസ്റ്റഡിയില്‍ വാങ്ങിയ പൊലിസ് തെളിവെടുപ്പ് നടത്തി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഗാട്ടാന്‍വളപ്പില്‍ ഹൗസില്‍ പിഎച്ച് ആസിഫിനെയാ(21)ണ് തെളിവെടുപ്പിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.
കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ വ്യാപാരിയുടെ വീട്ടില്‍ നടന്ന പട്ടാപ്പകല്‍ മോഷണത്തിന് പിന്നിലും ഇയാള്‍ തന്നെയാണെന്ന വിവരം പൊലിസിന് ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കരിവെളളൂര്‍ പെരളം വട്ടപ്പൊയിലിലെ പ്രവാസിയായ ടിപി ശ്രീകാന്തിന്റെ വീട്ടില്‍ നടത്തിയ കവര്‍ച്ചയിലാണ് പയ്യന്നൂര്‍ ഡിവൈഎസ് പിഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

ശ്രീകാന്തിന്റെ അധ്യാപികയായ ഭാര്യ ഷീജ സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുതകര്‍ത്തതായി കാണപ്പെട്ടത്.21 പവന്റെ സ്വര്‍ണാഭരണങ്ങളും 4500 രൂപയുമാണ് ഇവിടെ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പില്‍ മോഷണ മുതലിന്റെ ഒരു ഭാഗം കാഞ്ഞാങ്ങാട്ടുളള ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തതായി പൊലിസ് വെളിപ്പെടുത്തി.
മോഷ്ടാവിനെ വിശദമായി ചോദ്യം ചെയ്യവേ പയ്യന്നൂരിലെ മറ്റൊരു പട്ടാപ്പകല്‍ മോഷണത്തിന്റെ ചുരുള്‍കൂടി അഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ ഇരുപതിന് ഉച്ച കഴിഞ്ഞു രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലായിരുന്നു പയ്യന്നൂരിലെ വ്യാപാരി കുരിക്കളകത്ത് അബ്ദുള്‍ സമദിന്റെ കൊറ്റി റെയില്‍വേ മേല്‍പാലത്തിന് സമീപത്തെ ദാറുല്‍സലാമെന്ന വീട്ടിലാണ് കവര്‍ച്ച നടത്തിയത്.
സംഭവസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നു. അടുക്കള വാതില്‍ കുത്തിതുറന്ന് കിടപ്പുമുറിയിലെ മൂന്നരലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്. അബ്ദുള്‍ സമദിന്റെ മകളുടെ മകന്‍ സ്‌കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നു. കുട്ടിയില്‍ നിന്നും പരിസരവാസികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് മോഷ്ടാവിന്റെ രേഖാചിത്രം വരച്ചിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
ഈ മോഷണം നടത്തിയതും താനാണെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പയ്യന്നൂര്‍ എസ്. ഐ എം.വി ഷിജു പറഞ്ഞു. പഴയങ്ങാടിയിലെ മറ്റൊരുവീട് കുത്തിതുറന്ന് നടത്തിയ കവര്‍ച്ച യ്ക്കു പിന്നിലും താനാണെന്ന് പ്രതി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പയ്യന്നൂര്‍ പൊലിസിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications