ആകാശ് തില്ലങ്കേരിക്കെതിരെ കുരുക്ക് മുറുക്കി പൊലിസ്, ഷുഹൈബ് വധക്കേസില്‍ ജാമ്യംറദ്ദാക്കു

മട്ടന്നൂര്‍: സമൂഹമാധ്യമത്തിലൂടെ സി.പി. എം നേതൃത്വത്തെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്കെതിരെ പൊലിസ് കുരുക്ക് മുറുകുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസില്‍ പാര്‍ട്ടിയുടെ നിയമസംരക്ഷണമൊഴിവാക്കി ആകാശ് തില്ലങ്കേരിയെ ഒറ്റയ്ക്കു ജയിലില്‍ അടയ്ക്കാനാണ് ആഭ്യന്തരവകുപ്പ് നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മട്ടന്നൂര്‍ പൊലിസ് എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്‌ളിക് പ്രൊസിക്യൂട്ടര്‍ മുഖേനെ പൊലിസ് കോടതിയില്‍ ഹരജി നല്‍കിയത്.
ഈ കേസില്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തലശേരി കോടതി മാര്‍ച്ച് എട്ടിന് വാദം കേള്‍ക്കും. ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചതിനാല്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് പബ്ളിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ. അജിത്ത് കുമാര്‍ ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ വാദിച്ചു. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മറുപടി നല്‍കുന്നതിനായി ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകന്‍ കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ഈ കേസിലെ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം എട്ടിലേക്ക് കോടതി മാറ്റുകയായിരുന്നു. ആകാശ് തില്ലങ്കേരിയുടെ ജാമ്യഹരജി റദ്ദാക്കണമെന്ന കേസ് തലശേരി അഡീഷണല്‍ ജില്ലാകോടതി മൂന്നിലേക്ക് മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെഅതീവ സുരക്ഷയുളള പത്താം ബ്‌ളോക്കിലാണ് ആകാശിനെയും ജിജോയെയും പാര്‍പ്പിച്ചിരിക്കുന്നത്. ഈ ബ്‌ളോക്കിലുളളവരില്‍ കൂടുതല്‍ പേരും ഗുണ്ടാ ആക്ടു പ്രകാരം അറസ്റ്റിലായവരാണ്. ആകാശിനും ജിജോയ്ക്കും പ്രത്യേകം നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലുമണിക്കാണ് ആകാശിനെയും കൂട്ടാളി ജിജോവിനെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്.മുഴക്കുന്ന് പൊലിസ് ഇന്‍സ് പെക്ടര്‍ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയാണ് ഇരുവരേയും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് മുഴക്കുന്ന് സ്റ്റേഷനിലെത്തിച്ച് കാപ്പ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിഅറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു മുന്നോടിയായി ഇരിട്ടി, മുഴക്കുന്ന്, മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ മുഖേനെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന് കൈമാറിയിരുന്നു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമൊപ്പം പിടിയിലായ മൂന്നാം പ്രതി ജയപ്രകാശ് തില്ലങ്കേരി നിലവില്‍ ഒരു കേസില്‍ മാത്രമാണ് പ്രതിയെന്നതിനാല്‍ ഇയാളെ കാപ്പ ചുമത്തുന്നതില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. എടയന്നൂര്‍ ഷുഹൈബ് വധത്തിനു പിന്നില്‍ സി.പി. എം നേതാക്കളുടെ നിര്‍ദ്ദേശമാണെന്ന വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരിക്ക് വിനയായത്.ഈ സംഭവത്തില്‍ ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞുകൊണ്ടു സി.പി. എം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാജന്‍, ഡി. വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജര്‍ എന്നിവര്‍ തില്ലങ്കേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ഇതിനു ശേഷമാണ് കാപ്പക്കേസില്‍ കുടുക്കി ആകാശിനെയും കൂട്ടാളിയയും മുഴക്കുന്ന് പൊലിസ് ജയിലില്‍ അടയ്ക്കുന്നത്. ആറുമാസത്തെ കരുതല്‍ തടങ്കിലിലാണ് ആകാശ് തില്ലങ്കേരിയും സുഹൃത്ത് ജിജോയും ജയിലില്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ കാപ്പ അപ്പീല്‍കമ്മിറ്റിക്ക്് പരാതി നല്‍കാന്‍ ഒരുങ്ങുന്നുണ്ടെന്ന വിവരമുണ്ട്. ഇതു മുന്‍കൂട്ടി മനസിലാക്കിയാണ് പൊലിസ് ആകാശിന് വധക്കേസില്‍ ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications