തനിക്കെതിരെയുള്ള ഭീഷണിയിൽ നിയമ നടപടി സ്വീകരിക്കുമെന്ന് സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: തളിപ്പറമ്പ് സ്വദേശിയായ നടൻ സന്തോഷ് കീഴാറ്റൂരിനെതിരെ അജ്ഞാതർ വധഭീഷണി മുഴക്കിയതായി പരാതി. ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റിലെ കമന്റിന്റെ പേരിലാണ് ഫോണിലൂടെയും സമൂഹ മാധ്യമങ്ങൾ വഴിയും ഭീഷണി മുഴക്കുന്നതെന്നാണ് സന്തോഷിൻ്റെ പരാതി. ഇതു കാരണം തനിക്ക് മൊബൈൽ ഓൺ ചെയ്യാൻ പോലും കഴിയാത്ത സാഹചര്യമെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
ഹനുമാൻ ജയന്തി ആശംസയുമായി സിനിമാതാരം ഉണ്ണി മുകുന്ദനിട്ട ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്തതിന്റെ പേരിലാണ് സന്തോഷ് കീഴാറ്റൂരിന് നേരെ സംഘപരിവാർ സൈബർ അക്രമണം തുടങ്ങിയത്. പിന്നാലെ ഫോണിലുള്ള ഭീഷണിയായി. കൊല്ലുമെന്നും കയ്യും കാലും വെട്ടുമെന്നും ഉൾപ്പെടെയുള്ള ഭീഷണിയാണ് ഫോണിൽ വിളിച്ചും സമൂഹ മാധ്യമങ്ങൾ വഴിയും വരുന്നതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ അടിയുറച്ച വിശ്വസിക്കുന്ന ആളാണ് താൻ.

അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.അതാണ് ഇത്തരത്തിൽ അക്രമിക്കപ്പെടാൻ കാരണമെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു. വധ ഭീഷണി മുഴക്കിയവർക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും സന്തോഷ് കീഴാറ്റൂർ വ്യക്തമാക്കി. താൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ രാഷ്ട്രീയം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും സിനിമയിൽ വരുന്നതിന് മുൻപ് തന്നെ താൻ രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. സ്വന്തം അഭിപ്രായം സമുഹമാധ്യമങ്ങളിൽ പ്രകടിപ്പിച്ചതിന് സിനിമയിൽ അഭിനയിക്കാൻ അനുവദിക്കില്ലെന്നാണ് പറയുന്നത്. എന്നാൽ ഇത്തരം ഭീഷണികൾക്കു മുൻപിൽ താൻ കീഴടങ്ങാൻ ഉദ്യേശിക്കുന്നില്ലെന്നും സന്തോഷ് പറഞ്ഞു. ഇതിനിടെ സന്തോഷ് കീഴാറ്റുരിന് പിൻതുണയുമായി പുരോഗമന കലാസാഹിത്യ സംഘം രംഗത്തെത്തി.
സഹപ്രവർത്തകനായ നടൻ ഉണ്ണി മുകുന്ദൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ കമൻ്റ് ചെയ്ത സന്തോഷ് കീഴാറ്റൂരിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളിൽ പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധിച്ചു. തൻ്റെ സുഹൃത്തായ നടൻ ഉണ്ണി മുകുന്ദൻ്റെ ഒരു എഫ്ബി പോസ്റ്റിനു കീഴെ തികച്ചും സൗഹാർദ്ദപരമായി നടത്തിയ ഒരു കമൻ്റിനെ വക്രീകരിച്ച് മതവിദ്വേഷം വളർത്താനുള്ള നീക്കമാണ് സോഷ്യൽ മീഡിയയിലെ ആർഎസ്എസുകാർ നടത്തുന്നതെന്ന് പു.ക.സ ആരോപിച്ചു. രണ്ടുകലാകാരന്മാർ തമ്മിലുള്ള സ്നേഹപ്രകനങ്ങളിൽ പോലും കടന്നു കയറി മതഭീകരത സൃഷ്‌ടിക്കാനുള്ള നീക്കം അപലനീയമാണ്. ഈ മഹാമാരിയിൽ നിന്ന് ദൈവങ്ങൾ നമ്മെ രക്ഷിക്കുമോ? എന്ന് നെടുവീർപ്പിടാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്താണോ നമ്മൾ ജീവിക്കുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം നേതാക്കൾ ചോദിച്ചു '
കൃത്യമായ രാഷ്ട്രീയ ഉൾക്കാഴ്‌ചയോടെയും ഉന്നതമായ സാംസ്‌കാരിക ബോധത്തോടെയും പ്രവർത്തിക്കുന്ന കലാകാരനാണ് സന്തോഷ് കീഴാറ്റൂർ. മതവർഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ അദ്ദേഹമെടുക്കുന്ന നിലപാടുകൾ ചിലരെ അലോസരപ്പെടുത്തുന്നുണ്ടാവാം. അതിനെ കള്ളപ്രചരണത്തിലൂടെ തടയിടാമെന്നു കരുതുന്നുണ്ടെങ്കിൽ അതിവിടെ ഫലപ്രദമാവുകയില്ലെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നും സംഘം നേതാക്കൾ പ്രസ്‌താവനയിൽ പറഞ്ഞു.












Click it and Unblock the Notifications