ധീരജിന്റെ അന്ത്യവിശ്രമം വീടിന് സമീപം, തളിപ്പറമ്പില്‍ നാളെ നാല് മണിക്ക് ശേഷം ഹര്‍ത്താല്‍
കണ്ണൂര്‍: ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍കത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ മരണത്തില്‍ വിറങ്ങിലിച്ചിരിക്കുകയാണ് നാട്. ധീരജ് രാമചന്ദ്രന് വീടിനോട് ചേര്‍ന്ന് തന്നെ അന്ത്യ വിശ്രമം ഒരുക്കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും. ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ധീരജിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടില്‍ മകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് അമ്മ പുഷ്പകല തളര്‍ന്നുവീണു. കൂവോട് ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് പുഷ്പ. ഇവിടെ നിന്നും താങ്ങിയെടുത്താണ് ബന്ധുക്കള്‍ പുഷ്‌കലയെ വീട്ടിലെത്തിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. ഇന്നലെ രാത്രിയും വീട്ടില്‍ ഫോണ്‍ വിളിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. തളിപ്പറമ്പില്‍ എല്‍ഐസി ഏജന്റായ അച്ഛന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജന്‍ അദ്വൈത് തളിപ്പറമ്പ് സര്‍ സയ്യിദ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കുടുംബമായി വര്‍ഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളില്‍ പൊതു ദര്‍ശനമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.
അതേസമയം ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താന്‍ തന്നെ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. ധീരജിന്റെ കൊലപാതകത്തില്‍ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് പേരും എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ ആണ്. എല്ലാവരും കെഎസ് യു പ്രവര്‍ത്തകരാണ്. അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. നിഖിലിന് പുറമേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ആറ് ആയി.












Click it and Unblock the Notifications