സോളാർ കേസിൽ പണി കിട്ടിയത് ബിജെപിക്ക്: അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കരുതെന്ന് ഒരുവിഭാഗം നേതാക്കൾ
കണ്ണുർ: സോളാർ കേസ് സിബിഐ അന്വേഷണത്തിന് വിട്ടപ്പോൾ പണി കിട്ടിയത് ബിജെപിക്ക്. മുൻ കോൺഗ്രസ് നേതാവും ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷനുമായി എ പി അബ്ദുക്കുട്ടി കേസിൽ കുടുങ്ങിയതാണ് ബിജെപിയെ വെട്ടിലാക്കുന്നത്. തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ വെച്ച് അബ്ദുള്ളക്കുട്ടി തന്നെ മുറിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന് നേരത്തെ കേസിലെ ഇരയായ സ്ത്രീ ആരോപിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുഡിഎഫ് സർക്കാരിനെ അടിക്കാനുള്ള വടിയായി സോളാർ കേസ് ഉപയോഗിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സോളാർ കേസിൽ പാർട്ടി ദേശീയ ഉപാധ്യക്ഷൻ തന്നെ ഉൾപ്പെട്ടത് ചർച്ചയാകുന്നത്. അതേ സമയം സിബിഐ അന്വേഷണത്തെ തള്ളിപ്പറയാനും കഴിയാത്ത അവസ്ഥയിലാണ് ബിജെപി.അബ്ദുള്ളക്കുട്ടിയല്ല ഏത് കുട്ടിയായാലും ശരി തെറ്റ് ആര് ചെയ്താലും തെറ്റാണെന്നന്നായിരുന്നു ഇതു സംബന്ധിച്ചുള്ള ഒരു ചോദ്യത്തിന് ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞത്.

എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ചർച്ചയാവാതിരുന്ന സോളാർ കേസ് ഇപ്പോൾ ഉയർത്തി കൊണ്ടുവരുന്നതിന് പിന്നിൽ ഭരണ തുടർച്ച ഉറപ്പിക്കാനാണെന്ന ആരോപണമാണ് ബിജെപി സംസ്ഥാന നേതൃത്വം ഉയർത്തുന്നത്. സോളാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സർക്കാർ എന്തുകൊണ്ട് സ്വർണക്കടത്തിലും ലൈഫ് അഴിമതി കേസിലും സിബിഐ അന്വേഷണത്തെ എന്തുകൊണ്ട് എതിർക്കുന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്ന ചോദ്യം.
എന്നാൽ ഇതേ സമയം എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾക്കിടെയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. അബ്ദുള്ള കുട്ടിയെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് എതിർപ്പ് ശക്തമായിട്ടുള്ളത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരമോ കുന്ദമംഗലത്തോ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ പീഡനകേസില്‍ അന്വേഷണം നേരിടേണ്ടിവരുന്നയാളെ മത്സരിപ്പിക്കുന്നതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം പുനഃപരിശോധന നടത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തോട് ഇവര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വവുമായി അകന്നു നില്ക്കുന്ന ശോഭാസുരേന്ദ്രനുള്പ്പെടെയുള്ളവര് അബ്ദുള്ളകുട്ടിയുടെ പദവിയെയും സ്ഥാനാര്ഥിത്വത്തേയും വീണ്ടും ചര്‍ച്ചയാക്കി മാറ്റുമെന്നാണ് സൂചന. കേന്ദ്രനേതൃത്വത്തെയും നിലവിലെ അവസ്ഥകള്‍ ധരിപ്പിക്കും. സിപിഎം ഉരുക്കുകോട്ടയായ ഒളവണ്ണ പഞ്ചായത്ത് ഉള്‍പ്പെടുന്ന കുന്ദമംഗലത്ത് സിപിഎമ്മില്‍ നിന്നും വിട്ടുവന്ന അബ്ദുള്ളകുട്ടിയുടെ സ്വീകാര്യത ഗുണകരമാവുമെന്നായിരുന്നു ബിജെപി കരുതിയത്. ന്യൂനപക്ഷവോട്ടുകളും അബ്ദുള്ളക്കുട്ടി വഴി ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം മറ്റിടങ്ങളിലെ മത്സരങ്ങളെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.












Click it and Unblock the Notifications