എട്ടാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു, റിപ്പോർട്ട് തേടി
ഇരിട്ടി: ആറളം വെളിമാനത്തെ സെന്റ് സെബാസ്ററ്യൻ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെവി മനോജ് കുമാർ സ്വമേധയായാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആറളം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ എന്നിവരോട് ആവശ്യപ്പെട്ടു.
വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സെപ്റ്റംബർ 30ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഇരിട്ടി റസ്‌റ്റ് ഹൗസിൽ ജില്ലാ പോലീസ് ഉപമേധാവി, വിദ്യാഭ്യാസ ഉപഡയറക്ടർ, ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവരുടെ യോഗം കമ്മീഷൻ ചെയർപേഴ്സൻ അധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നേരത്തെ ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു.

വെളിമാനം സെൻ്റ് സെബാസ്റ്റ്യൻസ്ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥി വീർപ്പാട് മലയാളം കാട് പുളിന്താനത്ത് കുന്നേൽ വീട്ടിൽ സുരേഷിന്റെയും ജിജയുടെയും മകൻ ആരോമലാണ് (14) വീട്ടിൽ ജീവനൊടുക്കിയത്. സ്‌കൂൾ അധികൃതരുടെ പീഢനം കാരണമാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന് കാണിച്ചു ബന്ധുക്കൾ ആറളം പൊലിസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ പിതൃസഹോദരൻ പിഎസ് രാജീവനാണ് പോലീസിൽ പരാതി നൽകിയത്.
സ്‌കൂളിലെ ജനൽ ചില്ലു കൾ പൊട്ടിയ സംഭവവുമായി ബന്ധപ്പെട്ട് ക്ളാസ് അധ്യാപികയും പ്രഥമ അധ്യാപകനും കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതു കാരണമാണ് ആരോമൽ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ പൊലിസിന് നൽകിയ പരാതിയിൽ പറയുന്നത്. കുട്ടികൾ പരസ്‌പരം വാച്ചുകൈമാറിയപ്പോൾ അബദ്ധത്തിൽ ജനൽ ഗ്ളാസ് പൊട്ടുകയായിരുന്നു.
എന്നാൽ ഇതിൽ ആരോമിലിനെ മാത്രം ക്ളാസ് ടീച്ചർ കുറ്റപ്പെടുത്തുകയും പ്രഥമ അധ്യാപകന്റെ മുറിയിൽ കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഗ്ലാസ് പൊട്ടിയതിന് ഫൈനായി 300 രൂപ അടയ്ക്കണമെന്നായിരുനു ആവശ്യം. ഇതിനെ തുടർന്ന് ആരോമൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനും ഇതു ആവർത്തിച്ചപ്പോൾ ആരോമൽ മാനസിക സമ്മർദ്ദം കൂടി വീട്ടിൽ തൂങ്ങിമരിച്ചുവെന്നാണ് ബന്ധുക്കൾ ആറളം പോലീസിൽ നൽകിയ പരാതി. സാഭവം വിവാദമായതിനെ തുടർന്ന് വിദ്യാർത്ഥി സംഘടനകൾ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.












Click it and Unblock the Notifications