നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തലശേരി: കതിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നാലാം മൈലില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തളളി. ഇതോടെ ഭര്‍ത്താവിനായി തലശേരി എസിപിയുടെ നിര്‍ദ്ദേശപ്രകാരം കതിരൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കേസിലെ കുറ്റാരോപതിനായ ഭര്‍ത്താവും ജിംനേഷ്യം നടത്തിപ്പുകാരനുമായ സച്ചിന്‍ ഒളിവിലാണ്.
ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയവെ കതിരൂര്‍ നാലാം മൈലില്‍ മാധവി നിലയില്‍ സച്ചിന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. നേരത്തെ തലശേരി ജില്ലാ സെഷന്‍സ്‌കോടതിയും സച്ചിന്റെ മുന്‍കൂര്‍ ജാമ്യഹരജി തളളിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 12-നാണ് സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപര്‍ണികയില്‍ മേഘയെ(28) ഭര്‍തൃവീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മകള്‍ ആത്മഹത്യ ചെയ്തത് സച്ചിന്റെ മാനസികവും ശാരീരികവുമായ പീഡനം സഹിക്ക വയ്യാതെയാണെന്ന് മേഘയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കതിരൂര്‍ പൊലിസ് സച്ചിനെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസെടുത്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മേഘയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സച്ചിന്‍ നിരന്തരം വ്യക്തിഹത്യ ചെയ്തിരുന്നതായി മേഘയുടെ കൂട്ടുകാരിയുടെ മൊഴിയും വാദിക്ക് വേണ്ടി ഹാജരായ അഡ്വ.ഗായത്രി കൃഷ്ണന്‍ ഹൈക്കോടതി മുന്‍പാകെ ബോധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സച്ചിനും മേഘയും വിവാഹിതരയത്. ഏഴുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ആത്മഹത്യ ചെയ്ത ദിവസം മേഘ ഭര്‍ത്താവുമൊന്നിച്ചു കണ്ണൂരില്‍ ഭര്‍തൃബന്ധുവിന്റെ ഫ്ളാറ്റില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു.
അന്നേ ദിവസം രാത്രിയിലാണ് കതിരൂരിലെ ഭര്‍തൃവീട്ടിലെത്തിയത്. ഇതിനു ശേഷം ഇവര്‍ തമ്മില്‍ കലഹമുണ്ടായെന്നും ഇതിനെ തുടര്‍ന്ന് മേഘ ജീവനൊടുക്കിയെന്നുമാണ് രക്ഷിതാക്കള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയില്‍ ഐടി പ്രൊഫഷനലായി ജോലി ചെയ്തുവരികയായിരുന്നു മേഘ. യുവതിയുടെ വീട്ടുകാര്‍ സച്ചിനുമായുളള വിവാഹത്തെ എതിര്‍ത്തിരുന്നുവെങ്കിലും മേഘയുടെ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു.
കതിരൂര്‍ നാലാം മൈലില്‍ ജിംനേഷ്യം ട്രെയിനറായി ജോലി ചെയ്ത് വരികയായിരുന്നു സച്ചിന്‍. സ്ഥാപനത്തിന്റെ ഉടമയും ഇയാള്‍ തന്നെയാണ്. സോഷ്യല്‍മീഡിയയിലൂടെയുളള പരിചയമാണ് ഇരുവരും തമ്മിലുളള സൗഹൃദത്തിലും പിന്നീട് പ്രണയത്തിലും കലാശിക്കുന്നത്. എന്‍ജിനിയറിങ് പഠനം കഴിഞ്ഞതിനു ശേഷം ഐ.ടി മേഖലയില്‍ ജോലിചെയ്തുവരികയായിരുന്നു മേഘ.












Click it and Unblock the Notifications