ഒരു വശത്ത് കിറ്റും പെന്‍ഷനും, മറുവശത്ത് കൂടി പിടിച്ചുപറി; സര്‍ക്കാരിനെതിരെ വിഡി സതീശന്‍
സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ധനവിന് എതിരെ യുഡിഎഫ് ശക്തമായ സമരത്തിലാണ്. ഇന്ധന സെസ് പിന്‍വലിക്കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കണ്ണൂര്‍: ജനങ്ങളെ പിടിച്ച് പറിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നികുതി വര്‍ധനയ്‌ക്കെതിരെ യു ഡി എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. ഒരു വശത്ത് കിറ്റും പെന്‍ഷനും കൊടുത്ത് മറുവശത്ത് കൂടി പിടിച്ചുപറി നടത്തുകയാണ് സര്‍ക്കാര്‍ എന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
കേരളത്തിന്റെ കടം 4 ലക്ഷം കോടിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണ് എന്നും കേരള സമ്പദ്വ്യവസ്ഥയുടെ 39.1 ശതമാനവും കടമാണ് എന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായ്പ എടുത്തവര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടിസ് അയച്ചു കൊണ്ടേയിരിക്കുകയാണ് എന്നും പെട്രോള്‍ സെസ് കൂടുന്ന സാഹചര്യമുണ്ടായാല്‍ സ്വാഭാവികമായും വിലക്കയറ്റമുണ്ടാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒരു കുടുംബത്തിന്റെ മാസ ബജറ്റില്‍ 3000 മുതല്‍ 4000 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
സെസിലൂടെ സര്‍ക്കാര്‍ 4000 കോടിയുടെ നികുതിയാണ് പിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും വി ഡി സതീശന്‍ പറഞ്ഞു. മദ്യത്തിന് 251 ശതമനം നികുതി ചുമത്തിയ നടപടി മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാക്കുന്നതിലേക്ക് നയിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
വെള്ളത്തിന് മാത്രം 350 ശതമാനത്തിന്റെ നികുതി വര്‍ധനയാണ് ഉള്ളത്. സാക്ഷരത പ്രേരകിന്റെ പൈസയും ആശ്വാസ കിരണം പദ്ധതിയുടെ പൈസയും കൊടുത്തിട്ട് 14 മാസമായി എന്നും വി ഡി സതീശന്‍ പറഞ്ഞു. നികുതി പിരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം നികുതി പിരിക്കുന്നതില്‍ വളരെ പിന്നിലാണ് എന്നും അദ്ദേഹം പറഞ്ഞു.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍പന നടത്തുന്നത് കേരളത്തിലാണ്. എന്നാല്‍ കേരളത്തില്‍ സ്വര്‍ണത്തില്‍ നിന്നു ലഭിക്കുന്ന ആകെ നികുതി 343 കോടി രൂപ മാത്രമാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തില്‍ 10000 കോടിയുടെ വരെ നികുതി സ്വര്‍ണത്തില്‍ നിന്നു കണ്ടെത്താം എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications