കണ്ണൂരില്‍ വീണ്ടും തെരുവുനായ്ക്കളുടെ കടിയേറ്റു മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായ്ക്കളുടെ കടിയേറ്റു മൂന്ന് കുട്ടികളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിറക്കല്‍ കീരിയാടുളള ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ രണ്ടുവയസുകാരി റുസ്തി, അലവില്‍ സ്വദേശിനി നന്ദന(17) കാട്ടാമ്പളളിയിലെ സഹറ (ആറ്) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
നന്ദനയുടെ പരുക്ക് സാരമുളളതിനാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്‌സ നല്‍കി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുസ്തിക്ക് വളപട്ടണം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും പ്രാഥമിക ചികിത്‌സ നല്‍കിയതിനു ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് ചിറക്കല്‍ മേഖലയില്‍ തെരുവുനായകളുടെ വ്യാപക അക്രമമുണ്ടായത്. കഴിഞ്ഞ മാസമാണ് മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലെന്ന പതിനൊന്നുവയസുകാരന്‍ തെരുവുനായ്ക്കളുടെ കടിയേറ്റുവീടിനു സമീപത്തു നിന്നും അതിദാരുണമായി മരണമടഞ്ഞ തെരുവുനായകളെ ദയാവധത്തിന് ഇരയാക്കണമെന്ന വാദവുമായി സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നിയമപോരാട്ടം ശക്തമാക്കിയിട്ടുണ്ട്.
തെരുവുനായ കേസിലെ കള്ള സത്യവാങ്മൂലത്തിനെതിരെ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ഓള്‍ ക്രീചെര്‍സ് ഗ്രേറ്റ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയ്ക്കായി സത്യവാങ്മൂലം ഫയല്‍ ചെയ്ത അഞ്ജലി ഗോപാലനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോടതിയില്‍ ആവശ്യപ്പെട്ടു.
സംഘടനയുടെ മാനേജിങ് ട്രസ്റ്റീയാണ് അഞ്ജലി ഗോപാലന്‍. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും പാക്കിസ്ഥാന്‍ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ദൃശ്യങ്ങള്‍ കേരളത്തിലെതെന്ന വ്യാജേന സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്‌തെന്നും അപേക്ഷയില്‍ പറയുന്നു. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് സിആര്‍പിസി സെക്ഷന്‍ 340 പ്രകാരമാണ് ജില്ലാപഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അഡ്വ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, അഡ്വ എല്‍ ആര്‍ കൃഷ്ണ എന്നിവര്‍ മുഖേന കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തില്‍ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നായ സംരക്ഷണ സംഘടന സുപ്രീംകോടതിയെ സമീപിച്ചത് ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത് ഹര്‍ജിയില്‍ സംഘടന പറഞ്ഞിരുന്നത്. ജൂലായ് 12 നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുക.












Click it and Unblock the Notifications