തലശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്പീക്കറോട് വോട്ടഭ്യര്‍ത്ഥിച്ച് ഷാഫി പറമ്പില്‍
തലശേരി: സംസ്ഥാനത്തെ ഇരുപതുമണ്ഡലങ്ങളില്‍ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ എതിര്‍ കക്ഷി നേതാക്കളോടും വോട്ടഭ്യര്‍ത്ഥിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയും. ഇഫ്താര്‍ സംഗമങ്ങളിലും ക്ഷേത്രോത്സവങ്ങളിലും സജീവ സാന്നിധ്യമായ സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ ഭേദമന്യേയാണ് വോട്ടു തേടിയുളള പ്രയാണം നടത്തുന്നത്.
സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എത്തുമ്പോള്‍ കോണ്‍ഗ്രസ് - മുസ്ലിം ലീഗ് സ്വാധീന പ്രദേശങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ വോട്ടഭ്യര്‍ത്ഥിച്ചു എത്തുന്നത്.

ചുവപ്പുകോട്ടയെന്നു അറിയപ്പെടുന്ന തലശേരിയില്‍ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിനോട് വോട്ടഭ്യര്‍ഥിച്ചാണ് യുഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തലശ്ശേരിയില്‍ പ്രചാരണത്തിന് വ്യത്യസ്തത പകര്‍ന്നത്.
തലശേരി മാര്‍ക്കറ്റും ബസ് സ്റ്റാന്‍ഡും സര്‍ക്കാര്‍ ആശുപത്രിയും കോടതിയും സന്ദര്‍ശിച്ച ശേഷമാണ് നഗരസഭാ കാര്യാലയത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഉള്ള വിവരം ലഭിക്കുന്നത്. ഉടന്‍ നേരില്‍ കാണാനായി അവിടേക്കെത്തുകയായിരുന്നു ഷാഫി.
നഗരസഭാധ്യക്ഷ കെഎം ജമുനാ റാണിയുടെ ചേംബറില്‍ ആയിരുന്നു സ്പീക്കര്‍. ഷാഫി നേരിട്ട് അവിടേക്കെത്തി. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം മണ്ഡലത്തിലെ തന്റെ വോട്ടര്‍ കൂടിയായ സ്പീക്കറോടും നഗരസഭാ അധ്യക്ഷയോടും ഷാഫി വോട്ടഭ്യര്‍ഥിച്ചു. തലശ്ശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്പീക്കര്‍ക്ക് ഇതേ മണ്ഡലത്തിലെ പാറാലാണ് വോട്ടുള്ളത്. വടകര ലോക്‌സഭാ മണ്ഡത്തിന്റെ ഭാഗമാണ് തലശേരി.
ഡിസിസി സെക്രട്ടറി അഡ്വ. കെ ശുഹൈബ്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ലത്തീഫ്, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി അരവിന്ദാക്ഷന്‍, ഡിസിസി സെക്രട്ടറി അബൂട്ടി ഹാജി, സജീവ് മാറോളി, കൗണ്‍സിലര്‍മാരായ ശശി മാസ്റ്റര്‍, എം. മോഹനന്‍, പി.കെ സോന, വി.സി പ്രസാദ്, നസീര്‍ എം., ടി.പി ഷാനവാസ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.












Click it and Unblock the Notifications