വൈദേകം റിസോര്‍ട്ട്: പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതായി ഇ.ഡി കണ്ണൂരിലേക്ക്

കണ്ണൂര്‍: സി.പി. എം കേന്ദ്രകമ്മിറ്റിയംഗവും എല്‍. ഡി. എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനും നിക്ഷേപമുളള വൈദേകം ആയുര്‍വേദ റിസോര്‍ട്ടിനായി നിക്ഷേപിച്ചവരുടെ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ണൂരിലെത്തും. കണ്ണൂര്‍ സ്വദേശികളായ നിക്ഷേപകരുടെ പണത്തിന്റെ സ്രോതസ് കണ്ടെത്തുന്നതിനാണ് ഇ. ഡി കണ്ണൂരിലെത്തുന്നത്.
റിസോര്‍ട്ടിനായി നിക്ഷേപിച്ച പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കിയ കൊച്ചി സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ എം. ആര്‍ അജയന്‍ പണം നിക്ഷപിച്ച ഇരുപതുപേരുടെ ലിസ്റ്റും ഇ.ഡിക്ക് കൈമാറിയിരുന്നു.
റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത പണമിടപാട് നടന്നതായാണ് ഇ.ഡിക്ക് ലഭിച്ച പരാതി. റിസോര്‍ട്ടില്‍ ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര എണ്‍പതുലക്ഷവും മകന്‍ പി.കെ ജയ്‌സണ്‍ പത്തുലക്ഷവും നിക്ഷേപിച്ചതായാണ് ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുളളത്. കണ്ണൂര്‍ താണ സ്വദേശിയായ മുഹമ്മദ് അഷ്‌റഫെന്നയാള്‍ മൂന്നു കോടി രൂപ നിക്ഷേപിച്ചതായും പറയുന്നു. ഇയാള്‍ അക്കൗണ്ടിലൂടെ അല്ലാതെ കളളപ്പണം നല്‍കിയെന്നാണ് അജയന്റെ പരാതിയി ചൂണ്ടിക്കാണിക്കുന്നത്.
ഇ.ഡിക്ക് കൈമാറിയ ലിസ്റ്റിലെ ഇരുപതു പേരും തങ്ങള്‍ നിക്ഷേപിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരും. വൈദേകം റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്‍കം ടാക്‌സിലെ ടി.ഡി. എസ് വിഭാഗം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് റെയ്ഞ്ചിലുളള കണ്ണൂര്‍ യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. എന്നാല്‍ ഇവിടെ നിന്നും എന്തെങ്കിലും രേഖകളോ തെളിവുകളോ ലഭിച്ചുവോയെന്ന വിവരം പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച പരിശോധന രാത്രി ഏഴുമണിയോടെയാണ് അവസാനിച്ചത്.
ടി.ഡി. എസ് സംബന്ധമായ സ്വാഭാവികമായ പരിശോധനയാണ് നടത്തിയതെന്നാണ് ഇതുസംബന്ധിച്ച ഉദ്യോഗസ്ഥരുടെ പ്രതികരണം. തനിക്ക് വൈദേകം റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്നും മാധ്യമങ്ങള്‍ തന്റെ പേര്‍ തെറ്റായി ചിത്രീകരിക്കുകയാണെന്നു ഇ.പി ജയരാജനും പ്രതികരിച്ചിട്ടുണ്ട്. താന്‍ മന്ത്രിയായ കാലത്തും അല്ലാത്തപ്പോഴും വ്യവസായ സംരഭങ്ങളെ പ്രോത്‌സാഹിപ്പിച്ചയാളാണ്. ഇപ്പോഴും പലരും തന്റെടുക്കല്‍ ഉപദേശങ്ങളും സഹായങ്ങളും തേടിവരാറുണ്ടെന്നും താന്‍ അവരെയൊക്കെ സഹായിക്കാറുണ്ടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. തനിക്കെതിരെ ഗൂഡാലോചന നടത്തുന്നവരെ അറിയാം. അവരെ കുറിച്ചു തക്കതായ സമയത്ത് വെളിപ്പെടുത്തുമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.












Click it and Unblock the Notifications