ഇനി മികച്ചത്; അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് അതിവേഗം ചികിത്സ: വീണാജോര്‍ജ്
പരിയാരം: അതീവ ഗുരുതരാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. പരിയാരത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 35.52 കോടി രൂപ ചിലവഴിച്ച് നടത്തുന്ന കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മള്‍ട്ടി ട്രോമ കേസുകളില്‍ എത്തുന്ന രോഗികളുടെ ചികിത്സ ഒരു കാരണവശാലും തടസ്സപ്പെടരുത്. ഇവര്‍ക്കായി പ്രത്യേകം ചുവന്ന ടാഗ് നല്‍കും. ഒ പി ടിക്കറ്റിലും ചുവന്ന സ്റ്റിക്കര്‍ പതിക്കും.

ഓരോ ജീവനും വിലപ്പെട്ടതാണ്. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം -മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും 35.52 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണം 2 തവണ ടെണ്ടര്‍ ചെയ്തിരുന്നുവെങ്കിലും ടെണ്ടറില്‍ ആരും പങ്കെടുക്കാത്തത് കാരണം നവീകരണ പ്രവൃത്തി തുടങ്ങാനായില്ല.
കെട്ടിടത്തിന്റെ പെയിന്റിങ്, അറ്റകുറ്റപ്പണികള്‍, പുതിയ അഗ്‌നിരക്ഷാ-സുരക്ഷാ സംവിധാനമൊരുക്കല്‍, റോഡുകളുടെ നവീകരണം, അത്യാധുനിക ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ഒരുക്കല്‍, കേന്ദ്രീകൃത ശീതീകരണസംവിധാനം തുടങ്ങിയവയുള്‍പ്പെടും.
1.74 കോടി രൂപ ചെലവിലാണ് ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ് ഒരുക്കിയത്. ഇതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എക്‌സ്-റേ വിഭാഗത്തില്‍ രോഗികള്‍ക്കായി അതിനൂതന സംവിധാനം ലഭ്യമാകും. ഫോട്ടോ എടുക്കുന്ന വേഗത്തില്‍ സെക്കന്റുകള്‍ക്കകം മികച്ച വ്യക്തതയോടെ എക്‌സ്-റേ ഫലം ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത.
തുടര്‍ച്ചയായി 100 പേരുടെ എക്‌സ്-റേ എടുക്കാന്‍ കഴിയുമെന്നതും റേഡിയേഷന്‍ തോത് ക്രമാതീതമായി കുറഞ്ഞ രോഗനിര്‍ണയ സംവിധാനമാണെന്നതും ഇതിന്റെ സവിശേഷതകളാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.അജയകുമാര്‍ അറിയിച്ചു.












Click it and Unblock the Notifications