മണല്‍ കടത്ത് പിടികൂടിയ സംഭവത്തില്‍ വളപട്ടണം പൊലിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി
കണ്ണൂര്‍: മണല്‍ ലോറി കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ വളപട്ടണം പൊലിസ് സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് കണ്ണൂര്‍ യൂനിറ്റ് ഡിവൈഎസ്പി പി മധുസൂദനന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ പരിശോധന നടത്തിയത്. പിടികൂടിയ മണല്‍ പൊലിസുകാര്‍ തിരിമറി നടത്തി മറച്ചുവില്‍ക്കുന്നുവെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
എന്നാല്‍ കടത്തുകാരില്‍ നിന്നും പിടികൂടിയ മണല്‍ സ്റ്റേഷന്‍ വളപ്പില്‍ തന്നെയുണ്ടെന്നാണ് വിവരം. നേരത്തെയും മണല്‍ കടത്തുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വളപട്ടണം പൊലിസ് വ്യാപകമായ മണല്‍വേട്ടയാണ് നടത്തിയത്.

രാത്രികാല പട്രോളിങിനിടെയാണ് പാപ്പിനിശേരി പാറക്കല്‍ പളളിയിലെ പൂഴിക്കടവില്‍ നിന്നും മണല്‍ ലോറിപിടികൂടിയത്. പൊലിസിന് കണ്ടമണല്‍ കടത്തുകാരന്‍ ലോറി കടവില്‍ ഉപേക്ഷിച്ചു ഓടിരക്ഷപ്പെടുകയായിരുന്നു. മറ്റൊരു സംഭവത്തില്‍ കീരിയാട് കടവില്‍ നിന്നും അന്‍പതു അടി മണല്‍ പൊലിസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ പൊലിസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രഭാഗങ്ങളും കാണാതായായെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങളായി മണല്‍ മാഫിയ്ക്ക് വളപട്ടണം പൊലിസ് സ്റ്റേഷനിലെ ചില പൊലിസുകാര്‍ പണം വാങ്ങി റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഈവിഷയത്തില്‍ നല്ല ധാരണയില്‍ മുന്‍പോട്ടു പോയിരുന്ന പൊലിസും മണല്‍കടത്ത് സംഘങ്ങളും തെറ്റിയിട്ടുണ്ട്.
കൈക്കൂലിവാങ്ങിയതിനു ശേഷം പൊലിസ് മണല്‍ കടത്ത് പിടികൂടിയതാണ് പൊലിസിനെതിരെ ഒരുവിഭാഗം തിരിഞ്ഞത്. ഇവര്‍ തന്നെയാണ് വിജിലന്‍സിന് പരാതി നല്‍കിയതെന്നാണ് വിവരം. നേരത്തെ തളിപറമ്പ് പൊലിസ് സ്റ്റേഷനില്‍ റെയ്ഡിനിടെ പിടികൂടിയ മണല്‍ ലോറി മറിച്ചുവിറ്റ സംഭവത്തില്‍ കുറ്റാരോപിതരായ പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications