മാട്രിമോണിയല്‍ പരസ്യത്തിലൂടെ യുവതിയെ തട്ടിപ്പിനിരയാക്കി: കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
കണ്ണൂര്‍:വിവാഹതട്ടിപ്പു വീരനും നിരവധി കേസുകളില്‍ പ്രതിയുമായ മാതമംഗലം വെളേളാറ സ്വദേശി ബിജുആന്റണി(43) എന്ന പൊറോട്ട ബിജു പിടിയില്‍. വിവാഹവാഗ്ദ്ധാനം നല്‍കി ഞായറാഴ്ച്ച വൈകുന്നേരം കണ്ണൂരിലെ ഹോട്ടലിലെത്തിച്ചു യുവതിയുടെ പണവും സ്വര്‍ണവും ഉള്‍പ്പെടെയുളള ബാഗുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടിയിലായത്. കണ്ണൂർ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി. എംബിനു മോഹനനും സംഘവുമാണ് ബിജു ആന്റണിയെ മണിക്കൂറുകള്‍ക്കുളളില്‍ വയനാട് തലപ്പുഴയില്‍ വെച്ചു വലയിലാക്കിയത്.

പാലക്കാട് സ്വദേശിനിയായ യുവതിയുടെ നാല്‍പതിനായിരം രൂപയും മുക്കാല്‍ പവന്റെ ഗോള്‍ഡ് ലോക്കറ്റ്, മൊബൈല്‍ ഫോണ്‍, ആധാര്‍, പാന്‍കാര്‍ഡ്, എം.ടി. എം കാര്‍ഡുകള്‍, എന്നിവയടങ്ങിയ ബാഗാണ് പ്ലാസ ജങ്ഷനിലെ ഹോട്ടലില്‍ നിന്നും നഷ്ടമായത്. പത്രത്തിലെ വിവാഹപരസ്യം വഴി പരിചയപ്പെട്ട പ്രതിയെ കാണാനായി കണ്ണൂരിലെത്തിയതായിരുന്നു യുവതി. പാലക്കാട് ജ്വല്ലറി ജീവനക്കാരിയായ യുവതിയെ ഓര്‍ഫനേജിലെ താമസക്കാരനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ യുവതി ശുചിമുറിയില്‍ പോയ സമയത്ത് ഇയാള്‍ ബാഗുമായി കടന്നു കളയുകയായിരുന്നു. ഭക്ഷണം ഓര്‍ഡറെടുക്കാനായി എത്തിയ വെയ്റ്ററോട് ഒരാള്‍കൂടി വരാനുണ്ടെന്നു യുവതി പറഞ്ഞിരുന്നു. വഞ്ചിക്കപ്പെട്ടതറിയാതെ യുവതി അരമണിക്കൂറോളം ഹോട്ടലില്‍കാത്തിരുന്നു. ഒടുവില്‍ പരാതിയുമായി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. പണം മുഴുവനായി നഷ്ടമായ യുവതിക്ക് പൊലിസാണ് ഭക്ഷണവും താമസ സൗകര്യവും നല്‍കിയത്.
കുമ്പള,മലപ്പുറം സ്‌റ്റേഷനുകളില്‍ പൊലിസിനെ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചകേസുകള്‍ ഉള്‍പ്പെടെ നിരവധി വിവാഹതട്ടിപ്പ്, മോഷണ കേസുകളിലും പ്രതിയാണ് ബിജുവെന്ന് പൊലിസ് പറഞ്ഞു. എസ്. ഐമാരായ സി. എച്ച് നസീബ്, സവ്യസാചി, എ. എസ്. ഐമാരായ അജയന്‍, രഞ്ചിത്ത്, സി.പി. ഒ മാരായ നാസര്‍,രാജേഷ്, വിനില്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications