കാസർഗോഡ് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി
കാസർഗോഡ്: തട്ടിക്കൊണ്ടുപോയ 10 വയസുകാരി പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ട്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളെയാണ് കസ്റ്റഡയിൽ ഉള്ളതെന്നാണ് വിവരം. പ്രദേശത്തെ സിസിടിവി അടക്കം പരിശോധിച്ച ശേഷമാണ് നടപടി. പെൺകുട്ടി നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കുട്ടിയുടെ അച്ഛനും വല്യച്ഛനും പുലർച്ചെ പശുവിനെ കറക്കനായി പുറത്തു പോയ സമയത്തായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ സ്വർണത്തിന്റെ കമ്മൽ മോഷ്ടിച്ച ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
പുലർച്ചെ 2.30നായിരുന്നു അച്ഛനും മുത്തച്ഛനും പശുവിനെ കറക്കാനായി പോകുന്നത്. 3.30 ന് തിരിച്ചെത്തി നോക്കിയപ്പോൾ കുട്ടിയെ കാണാനുണ്ടായിരുന്നില്ല. വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തിയതോടെ സംശയമായി. തുടർന്ന് പരിശോധിച്ചപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. വീടും പരിസര സ്ഥലവും തിരഞ്ഞെങ്കിലും കുട്ടിയെ കിട്ടിയില്ല.

ഇതിനിടയിൽ കുട്ടി തന്നെ സമീപത്തുള്ള വീട്ടിലേക്ക് പോയി നടന്ന സംഭവം വിവരിച്ചു, അച്ഛന്റെ നമ്പർ കൈമാറുകയും ചെയ്തു. ഇതനുസരിച്ച് വീട്ടുകാർ കുട്ടിയുടെ പിതാവിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ പോയി മകളെ കൂട്ടിക്കൊണ്ട് വരുകയായിരുന്നു. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കുട്ടി ശാരീരികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് രാവിലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മെഡിക്കൽ പരിശോധനയിലാണ് ലൈംഗികാതിക്രമം സ്ഥിരീകരിച്ചത്. അതേസമയം കസ്റ്റഡിയിൽ ഉള്ളവർ ലഹരി സംഘത്തിൽ ഉൾപ്പെട്ടവരാണെന്നുള്ള വാർത്തകൾ ഉണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications