ആഫ്രിക്കൻ പന്നിപ്പനി; വെസ്റ്റ് എളേരിയിൽ 25 പന്നികൾ ചത്തു,പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തി
ഭീമനടി: പന്നിപ്പനി സ്ഥിരീകരിച്ച വെസ്റ്റ് എളേരി പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തി. പന്നിപ്പനി പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും രോഗ പ്രഭവ കേന്ദ്രത്തിന് 10 കിമീ ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ 3 മാസത്തേക്ക് നിരോധിച്ചതായും കളക്ടർ അറിയിച്ചു.
വെസ്റ്റ് എളേരി അച്ചിപ്പൊയിലിലെ അഴിക്കനാനിക്കൽ മഹേഷിന്റെ ഫാമിലെ പന്നികൾക്കായിരുന്നു പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം 10 ന് ഒരു പന്നി ആദ്യം ചത്തു. പന്നിപ്പനി ലക്ഷണം കണ്ടതിനാൽ 11 തന്നെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പന്നിയുടെ ആന്തരികഭാഗങ്ങൾ ബെംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്കയച്ചു. തുടർന്ന് ശനിയാഴ്ചയാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം വന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഫാമിലെ 25 പന്നികൾ ചത്തിരുന്നു. മാനദണ്ഡപ്രകാരം ഇവയെ മറവുചെയ്തു. സംഭവത്തിന് പിന്നാലെ മൃഗസംരക്ഷണ-ആരോഗ്യവകുപ്പ് അധികൃതർ ഫാം സന്ദർശിച്ചിരുന്നു. തഹസിൽദാർ പി വി മുരളിയുടെ നേതൃത്വത്തിൽ റവന്യൂവകുപ്പ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഫാമും പരിസരവും മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ ശുചീകരിച്ച് ബ്ലിച്ചീങ് പൗഡറും വിതരണം ചെയ്തിട്ടുണ്ട്. രോഗ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിമി ചുറ്റളവിലുള്ള വളർത്തുപന്നികളെ കൊന്നൊടുക്കി മറവ് ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകി.
കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ അലാക് ബി രാജിന്റെ നേതൃത്വത്തിൽ ഇറച്ചി വിൽപ്പന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നർക്കിലക്കാട്ടും ഭീമനടിയിലുമാണ് പിരിശോധന നടത്തിയത്. ഇവിടെ നിന്ന് 40 കിലോയോളം പന്നിയിറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. പന്നിഫാമുകളിൽ പണിയെടുത്തവർക്ക് പ്രതിരോധഗുളിക നൽകി. സമ്പർക്കമില്ലാതെ താമസിക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications