'രാജ്മോഹൻ ഉണ്ണിത്താൻ കാട്ടുകള്ളൻ,കാസർഗോഡിനെ ദുർമന്ത്രവാദത്തിന്റെ ജില്ലയാക്കി മാറ്റി'; ബാലകൃഷ്ണൻ പെരിയ
കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ തുറന്നടിച്ച് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട നേതാവ് ബാലകൃഷ്ണൻ പെരിയ. രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തുകളഞ്ഞുവെന്നും ഉണ്ണിത്താനെതിരായ യുദ്ധം ഇതോടെ ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പുറത്താക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കാസർകോഡ് ജില്ലയിലെ രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ ആരംഭിച്ച യുദ്ധം അതിന്റെ ഒന്നാം ഘട്ട പര്യാവസാനത്തിൽ എത്തിയിരിക്കുകയാണ്. ഉണ്ണിത്താൻ യഥാർത്ഥത്തിൽ ഈ പ്രശ്നം പരിഹരിക്കേണ്ടയാളായിരുന്നു. പക്ഷെ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. എത്ര ഉന്നതനായാലും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഉണ്ണിത്താനെതിരെ തുടർന്ന് ഞാനൊരു പോസ്റ്റിട്ടിരുന്നു. പിന്നീട് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ ആ പോസ്റ്റ് പിൻവലിച്ചു. എന്നാൽ ഉണ്ണിത്താൻ പറഞ്ഞത് ഞാൻ അബോധാവസ്ഥയിലാണ് അത് ചെയ്തത് എന്നാണ്.

ഈ പ്രശ്നത്തെ വഷളാക്കാൻ പല രീതിയിലും ഉണ്ണിത്താൻ ശ്രമിച്ചു. എന്റെ ആഡ് ഏജൻസിയിൽ ജോലി ചെയ്തിരുന്ന ആളാണ് ബാലകൃഷ്ണന്റെ മകൻ. ആ വിവാഹത്തിൽ പങ്കെടുത്ത 45 ശതമാനം ആളുകളും കോൺഗ്രസുകാരായിരുന്നു. എന്നാൽ ഞങ്ങളെ എല്ലാവരേയും അദ്ദേഹം രക്തസാക്ഷികൾക്ക് എതിരാണെന്ന് ചിത്രീകരിച്ചു. രക്തസാക്ഷികൾക്കൊപ്പം നിന്നവരാണ് ഞങ്ങൾ. ആസിഫ് അലിയെ കേസ് ഏൽപ്പിച്ചത് മുതൽ അതിന് പിന്നിൽ നിന്നിട്ടുള്ളവരാണ് ഞങ്ങൾ. ആ രക്തസാക്ഷികളുടെ പേരിലാണ് ഒരുകൂട്ടം പേർ ഞങ്ങളുടെ രക്തം കുടിക്കാൻ ശ്രമിക്കുന്നത്.
ഞങ്ങളെ പുറത്താക്കാൻ ഇവിടുത്തെ ജില്ലാ അധ്യക്ഷനെ ഭയപ്പെടുത്തി ഭീഷണിപ്പെടുത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ഉണ്ണിത്താൻ തിരുവനന്തപരത്ത് തമ്പടിച്ചിരിക്കുകയാണ്.
ഉണ്ണിത്താൻ കാസർഗോഡിനെ ദുർമന്ത്രവാദത്തിന്റെ ജില്ലയാക്കി മാറ്റി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ദുർമന്ത്രവാദത്തിന്റെ പേരിൽ സാധനങ്ങൾ കൊണ്ടുപോയി. അദ്ദേഹം അറബിക്കിലെഴുതിയ തകിടുകൾ എന്റെ വീട്ടിൽ കൊണ്ടുവന്നിരുന്നു. മതപരമായ സംഘർഷം മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. അതിനാണ് അദ്ദേഹം കുറിമായ്ച്ചത്. കുറി മായ്ച്ചത് സ്കിൻ അലർജി മൂലമെന്നത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. അത്രയും വലിയൊരു കാട്ടുകള്ളനാണ് അദ്ദേഹം.
ഈ നാടിന് ആകെ അവമതിപ്പ് ഉണ്ടാക്കി, മതസൗഹാർദ്ദം തകർത്ത്, ഈ നാടിനകത്ത് നിന്ന് കറവപ്പശുവിനെ പോലെ സകലതും കവർന്നെടുത്ത നേതാവാണ് ഉണ്ണിത്താൻ.
ഈ നിമിഷം മുതൽ അദ്ദേഹത്തിനെതിരായ യുദ്ധം തുടങ്ങുന്നു. പാർട്ടിക്കെതിരെ യാതൊരു പോറലും ഉണ്ടാക്കില്ല. അതിന് ആഗ്രഹിക്കുന്നില്ല. എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് വിട്ടുപോകില്ല'












Click it and Unblock the Notifications