'സിഎഎയ്ക്ക് കോൺഗ്രസിന്റെ മൗനാനുവാദം,സംഘപരിവാർ അജണ്ടക്ക് മുൻപിൽ കേരളം മുട്ട് മടക്കില്ല'; പിണറായി
കാസർഗോഡ്: കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമത്തെ കോൺഗ്രസ് മൗനത്തിലൂടെ സമ്മതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിങ്ങളുടെ പൗരാവകാശങ്ങൾ എടുത്തുകളയാനുള്ള ഉപകരണങ്ങളായാണ് പരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ഉപയോഗിക്കുന്നത്. ഈ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വഭേദഗതി നിയമത്തിനെതിരേ ഇടതുമുന്നണി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് നടത്തിയ ജനകീയ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
'സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക് പൂർണമായും വിശ്വസിക്കാൻ കഴിയുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നതാണ് രാജ്യത്തിന്റെ പ്രത്യേകത. ഒരു സംശയവും വേണ്ട. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫും കേരളത്തിലെ എൽഡിഎഫ് സർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരും. ഒരുകാരണവശാലും സംഘപരിവാർ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കില്ല, നിശ്ശബ്ദരാകുകയുമില്ല.

മുസ്ലിങ്ങളുടെ പൗരാവകാശങ്ങൾ എടുത്തുകളയാനുള്ള ഉപകരണങ്ങളായാണ് പരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ഉപയോഗിക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ അജൻഡയുടെ ഭാഗമാണിത്. ഈ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല.
രാഹുൽ ഗാന്ധി ജോഡോ യാത്രയിലോ സമാപനത്തിലോ അതിനു ശേഷമോ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കോൺഗ്രസ് ദേശീയ അധ്യക്ഷനോട് നിലപാട് ചോദിച്ചപ്പോൾ ആലോചിച്ച് പറയാമെന്നാണ് പറഞ്ഞത്. തൊട്ടടുത്തിരുന്ന സംഘടനാ ജനറൽ സെക്രട്ടറി ചിരിക്കുകയായിരുന്നു. നിങ്ങൾക്ക് ചിരിക്കാം. ഇന്ത്യയുടെ ജനമനസ്സിൽ തീയാണ്. നിങ്ങൾ മൗനത്തിലൂടെ ബിജെപിക്ക് പിന്തുണ നൽകുകയാണ്
. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ് നിയമം. ഇത് കേവലമൊരു നിയമമല്ല. ഇതുവരെ ഇവിടെ ജീവിച്ച കോടാനുകോടി ജനങ്ങളെ ഭയപ്പാടിലാക്കുകയാണ്. ആശങ്കയോടെയാണ് അവർ കഴിയുന്നത്. അവരോട് ഞങ്ങൾ പറയുന്നു. നിങ്ങൾ ഒറ്റയ്‌ക്കല്ല. കേരളം നിങ്ങൾക്കൊപ്പമുണ്ട്.
ഈ നിയമങ്ങൾക്കെതിരെ ആദ്യം ശബ്ദിച്ചത് കേരളമാണ്. അന്നത് ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട് എല്ലാവരും ഏറ്റെടുത്തു. സി എ എക്കെതിരെ ഇന്ത്യയിൽ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്. ബി ജെ പി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. നിയമപരമായി ചോദ്യം ചെയ്യാൻ സുപ്രീംകോടതിയിൽ ഹർജി നൽകി. എല്ലാവരെയും ഒന്നായി കാണുന്ന കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിത്', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications