കാസർഗോഡ് ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; ദൃശ്യങ്ങൾ പകർത്തി യുവതി, പ്രതി പിടിയിൽ
കാസർഗോഡ്: ഓടുന്ന ബസിൽ ആറു വയസുകാരിയായ മകൾക്കൊപ്പം സഞ്ചരിക്കുന്ന യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി യുവാവ്. കാസർഗോഡ് ബേക്കലിൽ വച്ചാണ് സംഭവം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കുണിയ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയാണ് അറസ്‌റ്റിലായത്. ബേക്കൽ പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ബധിരനും മൂകനുമാണ് ഇയാൾ. പ്രതിയെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. യുവതിയുടെ പരാതിയിൽ ബേക്കൽ പോലീസാണ് കേസെടുത്തത്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിൽ സഞ്ചരിക്കുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം നടന്നത്.

ആറ് വയസുള്ള മകൾക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു ഹോം നേഴ്‌സ് കൂടിയായ യുവതി. ബസിൽ തിരക്ക് കുറവായിരുന്നു. യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിർവശത്തെ സീറ്റിലായിരുന്നു പ്രതിയായ യുവാവ് ഇരുന്നത്. യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്‌ടറോട് പറഞ്ഞപ്പോഴേക്കും ഇയാൾ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
മകളുടെ മുഖം താൻ ഈ സമയം തിരിച്ചു പിടിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സംഭവത്തിൽ യുവതിയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു തന്നെയായിരുന്നു അന്വേഷണം. അങ്ങനെയാണ് മുഹമ്മദ് കുഞ്ഞി അറസ്‌റ്റിലായത്.
കഴിഞ്ഞ മാസം കണ്ണൂരിലെ സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്‌കൻ പിടിയിലായിരുന്നു. ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി സ്‌റ്റാൻഡിൽ നിർത്തിയിട്ട ബസിൽ യുവതി കയറിയപ്പോഴായിരുന്നു സംഭവം. ബസിൽ മാസ്‌ക് ധരിച്ചെത്തിയ ഇയാളും യുവതിയും മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്.
ഭക്ഷണം കഴിക്കാനായി ബസ് ജീവനക്കാർ പുറത്തുപോയ സമയത്തായിരുന്നു ഇയാളുടെ അതിക്രമം. ഇതിന് പിന്നാലെ യുവതി ദൃശ്യങ്ങൾ പകർത്തി തന്റെ ദുരനുഭവം വിവരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതിന് പിന്നാലെ പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications