വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി; ലഭിച്ചത് ഗൂഗിളിന്റെ സഹായത്തോടെ
കാസർഗോഡ്: കെ വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ തയാറാക്കിയ വ്യാജ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി. പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് അന്വേഷണ സംഘം ഇത് കണ്ടെടുത്തത്. ഗൂഗിളിൻ്റെ സഹായത്തോടെയായിരുന്നു അന്വേഷണം . ഈ വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ കീറിയെറിഞ്ഞെന്ന് വിദ്യ നേരത്തേ പോലീസിന് മൊഴി നൽകിയിരുന്നു.
വിദ്യ തന്റെ ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിങ് എന്നിവയെല്ലാം പാലാരിവട്ടത്തെ കഫേയിൽ നിന്നാണ് ചെയ്തിരുന്നത്. അന്വേഷണ സംഘം കഫേ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടി ഗവ കോളജിൽ ഗസ്റ്റ് ലക്ചർ അഭിമുഖ സമയത്ത് നൽകാനായിരുന്നു വിദ്യ വ്യാജ രേഖ ചമച്ചത്.

അഭിമുഖം നടത്തിയ അധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെ തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ചു സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ വിദ്യ പോലീസിന് മൊഴി നൽകിയത്. ഫോണിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും വിദ്യ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു.
ഇതോടെ വിദ്യയുടെ ഫോൺ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എന്നാൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്നാണ് വിവരങ്ങൾ ലഭിക്കാനായി അന്വേഷണ സംഘം ഗൂഗിളിനെ സമീപിച്ചത്. കാസർഗോഡ് കരിന്തളം കോളേജിൽ ഹാജരാക്കിയ വ്യാജസർട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയ കേന്ദ്രത്തിൽ വെച്ചാണ് പ്രിന്റ് എടുത്തതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
കരിന്തളം കോളജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയത് അധ്യാപക അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത, തന്റെ സീനിയർ കൂടിയായ ഉദ്യോഗാർഥിയെ മറികടക്കാനാണെന്ന് വിദ്യ പോലീസിന് മൊഴി നൽകിയിരുന്നു. 2021ൽ കാസർഗോട് ഉദുമ ഗവ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഗസ്റ്റ് അധ്യാപക അഭിമുഖത്തിൽ വിദ്യയെ പിന്തള്ളി മാതമംഗലം സ്വദേശിനി രസിതയായിരുന്നു നിയമനം നേടിയത്.












Click it and Unblock the Notifications