റിപ്പബ്ലിക് ദിനാഘോഷം പോലും ചെറുതാക്കുമ്പോള്‍ പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകത? ഹൈക്കോടതി
കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ജില്ലയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് സി പി ഐ എം ജില്ലാ സമ്മേളനം വെള്ളിയാഴ്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് കോടതി നടപടിയെന്നതും ശ്രദ്ധേയം. നേരത്തെ ജില്ലയിലെ പൊതുസമ്മേളനങ്ങള്‍ വിലക്കിക്കൊണ്ട് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനകം ഇത് പിന്‍വലിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.
ജില്ലയിലെ സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നില്ലെന്ന് കളക്ടര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന് പ്രാബല്യം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിനിടെ സി പി ഐ എം ജില്ലാ സമ്മേളനങ്ങള്‍ തുടരുന്നതില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു.

അതേസമയം ജില്ലാ സമ്മേളനങ്ങള്‍ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാന്‍ സി പി ഐ എം തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങളാണ് വെട്ടിച്ചുരുക്കുക. രണ്ടിടത്തും സമ്മേളനം നാളെ അവസാനിപ്പിക്കും. തൃശൂരില്‍ വെര്‍ച്വല്‍ പൊതുസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്താന്‍ കളക്ടര്‍മാരുടെ അനുമതിയുണ്ടെന്നായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സി പി ഐ എം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്നും കോടിയേരി പറഞ്ഞരുന്നു.

അതേസമയം കൊവിഡ് വ്യാപനത്തിനിടയിലും സി പി ഐ എം നടത്തി വരുന്ന സമ്മേളനങ്ങള്‍ക്കെതിരെ യു ഡി എഫും ബി ജെ പിയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനം വന്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് പാര്‍ട്ടി സമ്മേളനമാണ് പ്രധാനമെന്നും ജനങ്ങളോട് സി പി ഐ എമ്മിന് ഉത്തരവാദിത്തമില്ലെന്നും ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തുന്നതിന് ഒരാഴ്ച മുന്‍പേ കോണ്‍ഗ്രസും യു ഡി എഫും വിലയിരുത്തിയിരുന്നെന്നും സതീശന്‍ പറഞ്ഞിരുന്നു. സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം വലിയ വിമര്‍ശനം വരുത്തിവെച്ചിരുന്നു. ഇതോടൊപ്പം തിരുവാതിരക്കളി നടത്തിയതും സി പി ഐ എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 1500 പേര്‍ക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ ബി ജെ പിയും രംഗത്തെത്തിയിരുന്നു. ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്ത മുഖ്യമന്ത്രിയ്ക്കെതിരേയും കേസെടുക്കണമെന്നായിരുന്നു ബി ജെ പിയുടെ ആവശ്യം.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നും ആവര്‍ത്തിച്ചിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥതിയില്ലെന്നും എന്നാല്‍ വ്യക്തിപരമായി ഓരോരുത്തര്‍ക്കും കൊവിഡ് പകരാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 40000 കടന്നിരിക്കുകയാണ്. വ്യാഴാഴ്ച 46,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
Recommended Video

ഒമിക്രോണ്‍ വ്യാപനവും സംസ്ഥാനത്ത് രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.












Click it and Unblock the Notifications