നീലേശ്വരം വെടിക്കെട്ട് അപകടം; 'വെടിപൊട്ടിച്ചവർ മദ്യലഹരിയിൽ ,പൊട്ടിക്കരുതെന്ന് പറഞ്ഞത് കേട്ടില്ല'
കാസർകോഡ്: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. നീലേശ്വരം കൊട്രച്ചാലിലെ കെ വി വിജയനെ ആണ് ഏറ്റവും ഒടുവിലായി അറസ്റ്റ് ചെയ്തത്. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ, സെക്രട്ടറി കെടി ഭരതൻ, പടക്കം പൊട്ടിച്ച പി രാജേഷ് എന്നിവരെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. പടക്കം പൊട്ടിക്കാൻ വിജയനും ഉണ്ടായിരുന്ന രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജയനെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം നടന്നത്. ഈ സമയത്ത് രാജേഷും വിജയനും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലാണ് വെടിക്കെട്ട് നടത്തിയതെന്നും വെടിപൊട്ടിക്കരുതെന്ന് വിളിച്ച് പറഞ്ഞെങ്കിലും ഇവർ കേട്ടില്ലെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം അറസ്റ്റിലായവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ നൽകിയിട്ടുണ്ട്. അപേക്ഷ നവംബർ 1 ന് കോടതി പരിഗണക്കും.

അതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കാസർകോഡ് ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ഗവ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
അതേസമയം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ 98 പേരാണ് ഇപ്പോഴും ആശുപത്രിയിൽ തുടരുന്നത്. ഇതിൽ ഏഴുപേർ വെന്റിലേറ്ററിലാണ്. ഇതിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ദീപ് എന്ന ആളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 159 പേരെയാണ് പരിക്കേറ്റതിനെ തുടർന്ന് ആദ്യം ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ ചെലവ് ഏറ്റെടുത്തതായി സർക്കാർ അറിയിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിൽ കുറഞ്ഞ ദൂരമാണ് ഉണ്ടായിരുന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി കമ്പപ്പുരയ്ക്ക് മുകളിൽ പതിച്ചാണ് അപകടം ഉണ്ടായത്. നിരവധി പേർക്ക് പൊള്ളലേറ്റു. രക്ഷപ്പെടാൻ ഉള്ള ഓട്ടത്തിനിടെ നിലത്ത് വീണും ചിലർക്ക് പരിക്കേറ്റു.












Click it and Unblock the Notifications