നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ആകെ മരണം 5 ആയി
കാസര്‍കോഡ്: നാടിനെ നടുക്കിയ തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. രജിത്ത് എന്നയാളാണ് മരിച്ചത്. മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം. ഇതോടെ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
നേരത്തെ ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവര്‍ കെ ബിജു (37), ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ ഷിബിന്‍രാജ് (19) ചോയ്യങ്കോട് ബസാറിലെ ഓട്ടോഡ്രൈവര്‍ കിണാവൂര്‍ റോഡിലെ സി സന്ദീപ് (38) എന്നിവരാണ് ഇതുവരെ മരിച്ചത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം നടന്നത്. പുലർച്ചെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് വെടിപൊട്ടിക്കുന്നതിനിടെ പടക്കപ്പുരക്ക് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ 150 ഓളം പേർക്കാണ് പരിക്കേറ്റത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇപ്പോഴും നിരവധി പേർ ചികിത്സയിൽ തുടരുകയാണ്.
വെടിക്കെട്ട് അപകടത്തിൽ ഇതുവരെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രട്ടറി കെടി ഭരതന്‍, പടക്കത്തിന് തീ കൊളുത്തിയ രാജേഷ്,വിജയൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇനിയും 5 പേരെ കൂടി പിടികൂടാനുണ്ട്.












Click it and Unblock the Notifications