'പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ മറ്റ് കോൺഗ്രസ് നേതാക്കളും പങ്കെടുത്തു'; പ്രമോദ് പെരിയ
കാസർകോഡ്: തന്നെ ബലിയാടാക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചെന്നും
തന്റെ ഫോട്ടോ മാത്രം പുറത്തുവന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീതയാണെന്നും കോണ്‍ഗ്രസ് നേതാവും പെരിയ മണ്ഡലം പ്രസിഡന്റുമായ പ്രമോദ് പെരിയ. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തതിൽ പ്രമോദിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമോദിന്റെ പ്രതികരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. രാജൻ പെരിയയുടെ ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ചടങ്ങിൽ അവതാരകനായതും കോൺഗ്രസുകാരാണ്. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ഉദുമ മണ്ഡലം യുഡിഎഫ് ചെയർമാൻ രാജൻ പെരിയ ഉൾപ്പെടെയുള്ളവർ ചടങ്ങിലെത്തി. പ്രതി ഒഴികെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കോണ്‍ഗ്രസ് അനുഭാവികളാണ്. അവരുമായി തനിക്ക് അടുത്ത ബന്ധമുണ്ട്. അവർ എന്നും കോൺഗ്രസിനെ സ്നേഹിച്ച് പാർട്ടിക്കൊപ്പം നിന്നവരാണ്, കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്തവരാണ്. ബാലകൃഷ്ണൻ മാത്രമാണ് ഇടതുപക്ഷക്കാരൻ. അതുകൊണ്ട് തന്നെ വിവാഹത്തിൽ പങ്കെടുത്തതിൽ എന്തെങ്കിലും തെറ്റുള്ളതായി കരുതുന്നില്ല. തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പ്രമോദ് പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യം വെച്ച് ചിലർ പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രമോദ് ആരോപിച്ചു.
തനിക്കെതിരെയുണ്ടായ നടപടി പാർട്ടിക്കുള്ളിലെ ഗൂഡാലോചനയുടെ ഭാഗമാണ്. എന്തുകൊണ്ടാണ് മറ്റ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പെരിയ ഇരട്ടക്കൊലക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ് പ്രമോദ് പെരിയ പങ്കെടുത്തത്. വിവാഹ ചടങ്ങിൽ ഭാഗമായിട്ടുള്ള ബാലകൃഷ്ണന്റെ ചിത്രങ്ങൾ പുറത്തായതോടെയാണ് വിവാദം ഉടലെടുത്തത്. പിന്നാലെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പ്രമോദിനെതിരെ കെ പി സി സി നടപടി സ്വീകരിക്കുകയായിരുന്നു. പ്രമോദിനെ ചുമതലകളില്‍ നിന്ന് നീക്കിയതായും ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന് പകരം ചുമതല നല്‍കിയതായും നേതൃത്വം അറിയിച്ചു.
യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകം ലോക്സഭ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസ് വലിയ രീതിയിൽ സി പി എമ്മിനെതിരെ ആയുധമാക്കിയിരുന്നു. അതിനിടയിലാണ് പ്രതിയുടെ മകന്റെ വിവാഹ ചടങ്ങിൽ കോൺഗ്രസിലെ സമുന്നതനായ നേതാവായ പ്രമോദ് പങ്കെടുത്തത്. ഇത് പാർട്ടിക്ക് വലിയ ക്ഷീണമായെന്നാണ് നേതൃത്വം കരുതുന്നത്. തുടർന്നായിരുന്നു നടപടി.












Click it and Unblock the Notifications